വരുമാനത്തിൽ കെഎസ്ആർടിസി വീണ്ടും ഉയരങ്ങളിലേയ്ക്ക് ; 22ലെ വരുമാനം 7,95,62, 424 രൂപ

തിരുവനന്തപുരം> തുടർച്ചയായ അവധികൾക്കു ശേഷമുള്ള പ്രവൃത്തി ദിനമായ ഒക്ടോബർ 22 ആം തീയതി തിങ്കളാഴ്ച കെഎസ്ആർടിസി ചരിത്ര നേട്ടവുമായി കളക്ഷനിൽ ഒന്നാമത്. ഒക്ടോബർ 22 ന് കെഎസ്ആർടിസി. അഭിമാനകരമായ രീതിയിൽ 7,95,62,424 രൂപ വരുമാനം നേടി.

പ്രതികൂലമായ സാഹചര്യങ്ങൾ ആയിരുന്നിട്ടുപോലും യാത്രക്കാർക്ക് ബുദ്ധിമുട്ട്‌ ഉണ്ടാകാതെയും പരാതികൾക്കിട നൽകാതെയും ഇൻറർ സ്റ്റേറ്റ് സർവീസുകളടക്കം ഓൺലൈൻ റിസർവേഷൻ സൗകര്യത്തോടുകൂടി ലഭ്യമാക്കാനായത്‌.  മുൻകൂട്ടി തയ്യാറാക്കിയ കർമ്മ പദ്ധതി പ്രകാരം ജീവനക്കാരുടെ അവധികൾ നിയന്ത്രിച്ചും  ക്രമീകരിച്ചും അവരുടെ പൂർണ്ണമായ പങ്കാളിത്തത്തോടയാണ്‌  ഈ നേട്ടം  കൈവരിച്ചത്‌.
 
അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെങ്കിലും ജീവനക്കാരുടെ ആത്മസമർപ്പണവും സർവീസുകളുടെ കാര്യക്ഷമമായും ചിട്ടയോടെയുള്ള ക്രമീകരണവും കൂടുതൽ കളക്ഷൻ ലഭിക്കുന്നതിന് ഇടവരുത്തി. 

പ്രധാന ബസ്സ് സ്റ്റേഷനുകളിൽ നിന്നും സ്റ്റോപ്പുകളിൽ നിന്നും ബസ്സുകൾ കോൺവോയ് ആയി സർവീസ് പോകുന്നത് ഒഴിവാക്കുന്നതിനും തിരക്ക് അനുസരിച്ച് സർവീസുകൾ ക്രമീകരിച്ചു. 

 സർവീസുകൾ കൃത്യമായും ചിട്ടയോടുകൂടിയും നടത്തുവാൻ മാനേജ്മെൻറിനൊപ്പം എല്ലാ ജീവനക്കാരും അതീവ ശ്രദ്ധചെലുത്തിയതും ഈ വരുമാന വർദ്ധനവിന് കാരണമായെന്ന്‌ . കെഎസ്‌ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.

23-Oct-2018