സുപ്രീംകോടതി വിധി ശബരിമലയിൽ നടപ്പിലാക്കും

ശബരിമലയിൽ സുപീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാർ അക്രമികൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീപ്രവേശനകാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സര്‍ക്കാര്‍ മാനിക്കുന്നു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് വേണ്ടത്. സർക്കാർ അതിനായി നിലകൊള്ളും മുഖ്യമന്ത്രി പറഞ്ഞു. 

സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. അതിനുള്ള  സൗകര്യമൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ചുമതല. ശബരിമലയില്‍ സര്‍ക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയ്യാറായിട്ടില്ല. അവിടെ പന്തംകൊളുത്തി സമരം നടന്നപ്പോള്‍ പോലും സര്‍ക്കാര്‍ എതിര് നിന്നില്ല. എന്നാൽ, സന്നിധാനത്തെത്തുന്ന വിശ്വാസികളെ പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ എന്ന സ്ഥിതിയാണ് സംഘപരിവാര്‍ സ്വീകരിച്ചത്. കുറേഭക്തക്ക് നേരെ ആക്രമണവുമുണ്ടായി. ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തര്‍ക്കും തടസ്സം സൃഷ്ടിച്ചു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. അതിന് ഗൂഢമായ പദ്ധതിതന്നെ സംഘപരിവാര്‍ തയ്യാറാക്കി. 

അയ്യപ്പഭക്തര്‍ ശബരിമലയിലെത്തുന്നതിനെ സമരം, നിയമം കൈയിലെടുക്കുന്ന സമരം ഇതൊക്കെയാണ് നടന്നത്. ദര്‍ശനത്തിനെത്തിയവര്‍ക്കുനേരെ കല്ലേറുണ്ടാവുകയും അവരെ മാനസിമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം ഘട്ടത്തില്‍ അവിടെയെത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് പൊലീസിന്റെ കടമ. വനിതകള്‍ക്കുനേരെ ശബരിമലയില്‍ ആക്രമണം നടത്തിയ അതേസമയം തന്നെ അവരുടെ വീടുകളും ആക്രമിച്ചു. വനിതകളെ ആക്രമിച്ചത് അയ്യപ്പഭക്തരാണെന്നാണ് സംഘപരിവാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഭക്തരല്ല. ഇതൊരു ഗൂഢപദ്ധതിയുടെ ഭാഗമാണ്. ശബരിമലയിലെത്തുന്ന സ്ത്രീകളെ നേരത്തെ മനസിലാക്കുകയും കേരളത്തിലെവിടെയാണെങ്കിലും അവരുടെ വീടുകയറി ആക്രമിക്കാനുമാണ് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നത്. എല്ലാ മേഖലയിലും വര്‍ഗീയധ്രുവീകരണം നടത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്ന മികവുറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്ന ശ്രമം ഉണ്ടായി. പൊലീസിനെ പോലും വര്‍ഗീയവത്കരിക്കാനുള്ള ശ്രമം ഹീനമാണ്. 

സംഘപരിവാറിന്റെ ഉദ്ദേശം ശബരിമലയെ ആരാധനാലയം എന്നത് മാറ്റി സംഘര്‍ഷ സ്ഥലമാക്കുക എന്നതായിരുന്നു. അക്രമികളുടെ കേന്ദ്രമായി ശബരിമലയെ മാറ്റാമെന്ന് ഏതെങ്കിലും ശക്തികള്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല എന്ന് ഓര്‍മിപ്പിക്കുന്നു. ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാന്‍ അവിടെ കേന്ദ്രീകരിച്ചിരിക്കുന്ന ക്രിമിനലുകളെ പുറത്താക്കും. വിശ്വാസികള്‍ക്ക് കടന്നു ചെല്ലാവുന്ന സാഹചര്യം സര്‍ക്കാര്‍ നിറവേറ്റും. ഇത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിക്രമങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് കഴിയില്ല. പത്തു മുതല്‍ അന്‍പത് വയസ്സ് വരെയുള്ള സ്ത്രീകളെ തടയുമെന്നാണ് ഇക്കൂട്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആ പരിധിക്ക് അപ്പുറവും ഇപ്പുറവും പ്രായമുള്ളവരെയും തടഞ്ഞു. സമരക്കാര്‍ക്കൊപ്പം ചില ദേവസ്വം ജീവനക്കാരും അവലോകന യോഗത്തിലെത്തിയ സ്ത്രീകളെ തടഞ്ഞു എന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇത് ദേവസ്വം ബോര്‍ഡ് ഗൗരവമായി പരിശോധിക്കണം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
 

 

23-Oct-2018