ശിവദാസന്റെ മരണം : വസ്തുതകളുമായി മകൻ രംഗത്ത്

തുലാമാസ പൂജാ സമയത്തു ശബരിമല ദര്‍ശനത്തിനു പോയി മടങ്ങിയ അയ്യപ്പഭക്തന്‍ ശിവദാസന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ബിജെപി പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ വിരുദ്ധ മൊഴിയുമായി മകന്‍ രംഗത്ത്. പിതാവ് ശബരിമലയിലേക്ക് പോയത് 18 നാണെന്നും 19 ന് വീട്ടിലേക്ക് വിളിച്ചെന്നും മകന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കും. അപകടമരണമാണെന്നാണ് പോലീസ് പറയുന്നത്. ശിവദാസന്‍ മരിച്ചത് പോലീസിനെ കണ്ട് ഭയന്നോടിയാണെന്ന് ബിജെപി ആരോപിക്കുന്നത്.

ശബരിമല സമരത്തിലെ ബലിദാനിയെന്ന് പറഞ്ഞാണ് ആര്‍എസ്എസ്-ബിജെപി സംഘപരിവാരം ശിവദാസന്റെ ഫോട്ടോ ഉപയോഗിച്ച് പ്രചരണം നടത്തുന്നത്. ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരണം ഊര്‍ജ്ജിതമാക്കുമ്പോഴാണ് അവരുടെ വാദത്തെ പൊളിച്ചുകൊണ്ടാണ് മകന്റെ തുറന്നുപറച്ചില്‍ പുറത്തുവരുന്നത്.

''എന്റെ അച്ഛന്‍ ശിവദാസന്‍ 18/10/18 രാവിലെ 8.30 ഓടെ ശബരിമലയില്‍ ദര്‍ശനത്തിനുപോയി തിരികെ വരാതെ കാണാതെപോയ വിവരം പറയാനാണ് ഞാന്‍ ഈ സ്‌റ്റേഷനില്‍ വന്നത്. അച്ഛന്‍ എല്ല മലയാള മാസം ഒന്നാം തീയതിയും ശബരിമല ദര്‍ശനത്തിനായി പോകാറുണ്ട്. ഈ മാസവും അച്ഛന്‍ പോയിരുന്നു. 19/10/18 രാവിലെ എട്ടുമണിയോടെ അച്ഛന്‍ എന്റെ അമ്മയെ ഫോണില്‍ വിളിച്ചു ഞാന്‍ സന്നിധാനത്തു തൊഴുതിട്ടു നില്‍ക്കുകയാണെന്നു പറഞ്ഞു. ഏതോ തമിഴ്‌നാട്ടുകാരുടെ ഫോണിലാണ് വിളിച്ചുപറഞ്ഞത്. എല്ലാ പ്രാവശ്യവും ശബരിമലയ്ക്കുപോയിട്ടു മൂന്നു ദിവസത്തിനുള്ളില്‍ അച്ഛന്‍ വരാറുള്ളതാണ്. ലൂണാ എക്‌സല്‍ വണ്ടിയിലാണ് അച്ഛന്‍ എല്ലാ പ്രാവശ്യവും ശബരിമലയ്ക്കു പോകുന്നത്. അച്ഛന്റെ വണ്ടിയുടെ നമ്പര്‍ കെ.എല്‍. 26 ബി 4905 എന്നാണ്. തിരികെ വരാതിരുന്നപ്പോള്‍ തങ്ങളെ വിളിച്ച ഫോണ്‍ നമ്പരില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അവര്‍ തമിഴ്‌നാട്ടുകാരാണെന്നും സന്നിധാനത്തുവച്ച് അവരോട് ഫോണ്‍ വാങ്ങി വിളിച്ചതാണെന്നും പറഞ്ഞു. ഞങ്ങള്‍ അതിനുശേഷം 21/10/18 തീയതി പമ്പയിലും പരിസരത്തും അന്വേഷിച്ചു. അവിടെയെങ്ങും കണ്ടില്ല. തുടര്‍ന്ന് 22/10/18ന് നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പോയി അവിടെയും പരിസരങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 23/10/18ന് ഞാന്‍ സന്നിധാനത്തും ളാഹയിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു ഞാന്‍ 24/10/18ന് അച്ഛന്‍ ലോട്ടറി എടുക്കുന്ന കടയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും അന്വേഷിച്ചെങ്കിലും അവിടെയെങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. അച്ഛന്‍ സാധാരണ ഫോണ്‍ കൊണ്ടുപോകാറില്ല. ഫോണ്‍ വീട്ടില്‍തന്നെയുണ്ട്. അച്ഛന് 60 വയസ് പ്രായംവരും. അഞ്ചര അടിയോളം പൊക്കംവരും. ഇരുനിറമാണ്. പോകുമ്പോള്‍ കാവി കൈലിയും ചെക്ക് വെള്ളയും കറുപ്പും കൂടിയ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഞാന്‍ ഒരു മകന്‍ മാത്രമാണ്.''

മരണപ്പെട്ട ശിവദാസന്റെ മകന്‍ വസ്തുതകള്‍ പറയുമ്പോഴും ശിവദാസന്‍ പോലീസിനെ ഭയന്നോടി അപകടത്തില്‍ മരിച്ചെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്. നിലയ്ക്കലില്‍ പോലീസും അക്രമികളുമായി സംഘര്‍ഷം നടന്നത് 17 ന് ഉച്ചയ്ക്ക് ശേഷമായിരുന്നു. ഈ സമയം ശിവദാസന്‍ പന്തളത്തുണ്ടായിരുന്നു.

ശബരിമലപ്പാതയില്‍ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംവളവില്‍ റോഡില്‍നിന്നു മുപ്പത് അടിയോളം താഴ്ചയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനോടു ചേര്‍ന്ന് ഇയാള്‍ സഞ്ചരിച്ച മോപ്പെഡും കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെ, ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി, റോഡിലേക്കു പടര്‍ന്നു കയറിയ കാട്ടുവള്ളികള്‍ വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നിലയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഫോറന്‍സിക് പരിശോധനയ്ക്കുശേഷമേ മൃതദേഹം മാറ്റുകയുള്ളൂ. പോലീസ് ഇവിടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശിവദാസനെ കാണാനില്ലെന്നു കാട്ടി മകന്‍ ശരത് പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരനായ ശിവദാസന്‍ കഴിഞ്ഞ 18 നു രാവിലെ 8.30 നാണ് സ്വന്തം മോപ്പെഡില്‍ ശബരിമല ദര്‍ശനത്തിനു പോയത്. മൊെബെല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. 19 നു രാവിലെ 8.30 നു ദര്‍ശനം കഴിഞ്ഞു പമ്പയില്‍ തിരിച്ചെത്തിയ ശിവദാസന്‍ തമിഴ്‌നാട്ടുകാരനായ ഒരാളുടെ ഫോണില്‍നിന്ന് ഭാര്യയെ വിളിച്ച്, മടങ്ങുകയാണെന്ന് അറിയിച്ചിരുന്നുവെന്നാണ് പോലീസിനു മകന്‍ നല്‍കിയ മൊഴിയിലുള്ളത്. പിന്നീട് ശിവദാസനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നും മൊഴിയിലുണ്ട്. ശിവദാസന്‍ എല്ലാ മലയാളമാസവും ശബരിമലയില്‍ ദര്‍ശനത്തിനു പോകുന്ന ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശബരിമലയിലേക്കുള്ള വഴികളിലുള്ള ക്ഷേത്രങ്ങളിലും ശിവദാസന്‍ ദര്‍ശനം നടത്താറുണ്ടായിരുന്നു. അച്ചന്‍കോവില്‍ ക്ഷേത്രത്തിലും ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശിവദാസന്‍ 19 നു രാവിലെ ഭാര്യയെ വിളിച്ചത് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി രാജേഷിന്റെ ഫോണില്‍നിന്നാണെന്നാണ് കണ്ടെത്തിയത്. 19 നു രാവിലെ 8.30 നു ശബരിമല ദര്‍ശനം നടത്തി രാജേഷിനൊപ്പം മലയിറങ്ങിയ ശിവദാസന്‍ നീലിമലയിലെത്തിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ വാങ്ങി ഭാര്യയെ വിളിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് രാജേഷിനൊപ്പം ശിവദാസന്‍ മലയിറങ്ങിയതെന്നും പോലീസ് പറഞ്ഞു.

ഒരുമാസം മുമ്പ് പന്തളം സ്റ്റേഷനില്‍ വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ശിവദാസന്‍ നല്‍കിയ പരാതിയില്‍ പറയുന്ന വ്യക്തിക്കുവേണ്ടി പ്രാദേശിക ബി ജെ പി നേതാക്കള്‍ ശിവദാസനെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു എന്ന ആരോപണവും സമീപവാസികള്‍ പറയുന്നുണ്ട്. ശിവദാസനെ ആരെങ്കിലും വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണ് എങ്കില്‍, ഹര്‍ത്താല്‍ നടത്തുന്ന ബി ജെ പി നേതാക്കള്‍ തന്നെ മറുപടി പറയേണ്ട അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

02-Nov-2018