ബലിദാനിയെന്ന് വിശേഷിപ്പിക്കുന്ന ശിവദാസനെ ബിജെപിക്കാര്‍ മര്‍ദ്ദിച്ചിരുന്നു !

ശബരിമല സമരത്തിലെ ബലിദാനിയെന്ന് ബി ജെ പി സംഘപരിവാരം വിശേഷിപ്പിക്കുന്ന മരണപ്പെട്ട ശിവദാസനെ ബി ജെ പിക്കാര്‍ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്.

ഒരു വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് മരണപ്പെട്ട ശിവദാസന്‍ പന്തളം സ്റ്റേഷനില്‍ 2018 ഏപ്രില്‍ 28ന് ബാബു, മണി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. 729/18 ആയി പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത ആ പരാതിയില്‍ നടപടികളുമായി പോലീസ് മുന്നോട്ടുപോകുമ്പോള്‍ എതിര്‍കക്ഷികള്‍ക്ക് വേണ്ടി സ്‌റ്റേഷനിലും മറ്റും ശുപാര്‍ശയുമായി വന്നത് പ്രാദേശിക ബി ജെ പി നേതാക്കളായിരുന്നു. പോലീസിന് മുന്നില്‍ നല്‍കിയ പരാതി പിന്‍വലിക്കാനും തുടര്‍പരാതികള്‍ നല്‍കാതിരിക്കാനും ബിജെപിക്കാര്‍ ശിവദാസനെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നും സൂചനകളുണ്ട്. നിത്യദര്‍ശനത്തിനായി പോകുന്ന ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് ബി ജെ പി ഗുണ്ടകള്‍ ശിവദാസനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

ബി ജെ പി ഗുണ്ടകളുടെ അക്രമത്തിനിരയായ ശിവദാസന്‍ അന്ന് പോലീസില്‍ പരാതി നല്‍കാതിരുന്നത് സംഘപരിവാറുകാര്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശിവദാസനെ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്ന ബി ജെ പിക്കാര്‍ തന്നെയാണോ ശിവദാസനെ വകവരുത്തിയതെന്നുള്ള സംശയത്തിലാണ് ഇപ്പോള്‍ നാട്ടുകാരുള്ളത്.

ഒക്ടോബര്‍ 17ന് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്‍ അക്രമകാരികളും പോലീസും ഏറ്റുമുട്ടിയപ്പോള്‍ ശിവദാസന്‍ നാട്ടിലുണ്ടായിരുന്നതായി നാട്ടുകാരും കൂട്ടുകാരും വെളിപ്പെടുത്തുന്നുണ്ട്. അക്രമ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ട ശിവദാസന്‍, ബി ജെ പിക്കാര്‍ തന്നെ മര്‍ദ്ദിച്ച കാര്യവും അപ്പോള്‍ പറഞ്ഞതായി കൂട്ടുകാര്‍ വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ 18ന് ശബരിമലയിലേക്ക് പോയ ശിവദാസന്‍ 19ന് വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ കാണാതാവുന്നത്.

ശിവദാസന്റെ മരണം അപകടമരണമാണെന്ന് പോലീസ് വെളിപ്പെടുത്തുമ്പോള്‍, ആ അപകട മരണത്തിന് പിന്നില്‍ ശിവദാസനെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത ബി ജെ പി പ്രാദേശിക നേതൃത്വമുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.

മരണപ്പെട്ട ശിവദാസനെ പന്തളത്തെ ബി ജെ പിക്കാര്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്ന വിവരം പുറത്തുവന്നതോടെ ശിവദാസനെ ബലിദാനിയെന്ന് വിശേഷിപ്പിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പ്രതികരിക്കാതെ മൊബൈല്‍ ഫോണ്‍ ഓഫാക്കിവെച്ചിരിക്കുകയാണ്.

02-Nov-2018