കേരളം ത്രിപുരയാകരുത് : ചെന്നിത്തലയോട് രാഹുല്‍ഗാന്ധി

കേരളത്തിലെ ബിജെപി ക്യാമ്പിലേക്ക് പോകുന്ന കോണ്‍ഗ്രസുകാരെ കണ്ട് എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ബിജെപിയുടെ വര്‍ഗീയ സ്വഭാവങ്ങളെല്ലാം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണമെന്നാണ് രാഹുല്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചനകള്‍. രാഹുല്‍ഗാന്ധിയുടെ വിളിക്ക് പിന്നാലെ താന്‍ ബിജെപിയിലേക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തില്‍ ബിജെപിയെ വെല്ലുന്ന രീതിയില്‍ വര്‍ഗീയത കളിക്കാനാണ് ഇനി കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കിയത് തന്നെ ആ ഉദ്ദേശത്തോടുകൂടിയാണെന്നാണ് സുചനകള്‍. കോണ്‍ഗ്രസിലെ പരമ്പരാഗത രീതിയനുസരിച്ച് ഈ ടേമില്‍ കെപിസിസി പ്രസിഡന്റ് ആവേണ്ടത് കൃസ്ത്യന്‍ സമുദായത്തിലുള്ള നേതാവായിരുന്നു. പ്രതിപക്ഷ നേതാവ് ഹിന്ദു സമുദായത്തിലുള്ള ആളായിരിക്കുമ്പോള്‍ കൃസ്ത്യന്‍ സമുദായത്തിലുള്ളയാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാവുന്ന രീതി മാറ്റിയത് ഹിന്ദുപാര്‍ടിയായി കോണ്‍ഗ്രസിനെ അവതരിപ്പിക്കാന്‍ വേണ്ടിയാണ്.

സാമുദായിക സമവാക്യങ്ങള്‍ മാറ്റിവെച്ച് ഹിന്ദുപ്രീണനവുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് കേരളത്തില്‍ മറ്റൊരു സംഘപരിവാര്‍ പ്രസ്ഥാനത്തെ പോലെയാണ് ഇനിയുള്ള കാലം പ്രവര്‍ത്തിക്കേണ്ടത് എന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കേരളത്തിലെ ബിജെപിയെ അപ്രസക്തമാക്കി മാറ്റാന്‍ ബിജെപിയേക്കാള്‍ തികഞ്ഞ ഹിന്ദുപാര്‍ടിയായി കോണ്‍ഗ്രസ് മാറുക എന്ന തന്ത്രം കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് കൊഴിഞ്ഞുപോകുന്നതിനെ പ്രതിരോധിക്കാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ത്രിപുരയിലേതുപോലെ കോണ്‍ഗ്രസ് പാര്‍ടിയെ ഒന്നാകെ വിലക്കെടുക്കാന്‍ ബിജെപിയ്ക്ക് സാധിക്കാത്ത വിധത്തില്‍ കോണ്‍ഗ്രസിനെ വര്‍ഗീയവല്‍ക്കരിച്ച് മറ്റൊരു ബിജെപിയാക്കി നിര്‍ത്തുമ്പോഴും പണമൊഴുക്കി വിലക്കെടുക്കുന്ന ബിജെപി ശൈലിയെ പ്രതിരോധിക്കാന്‍ എത്രമാത്രം കോണ്‍ഗ്രസിന് സാധിക്കുമെന്നത് കണ്ടറിയണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

04-Nov-2018