വിഴിഞ്ഞം പദ്ധതിയുടെ തുടക്കം ഇകെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്; ദേശാഭിമാനിയിൽ എഡിറ്റോറിയല്‍

വിഴിഞ്ഞം പദ്ധതിയുടെ തുടക്കം ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍. വിഴിഞ്ഞം തുറമുഖ സാധ്യതകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചത് 1996-ലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും സിപിഐഎം നിരന്തരം സമരം ചെയ്തതിന്റെ ഫലമായാണ് വിഴിഞ്ഞം പദ്ധതി സാധ്യമായതെന്നുമാണ് ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നത്. ഉമ്മന്‍ചാണ്ടിക്കാണ് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നതിനിടെയാണ് സിപിഐഎം മുഖപത്രത്തിന്റെ എഡിറ്റോറിയല്‍.


തുറമുഖ സാധ്യതകള്‍ പഠിക്കാന്‍ 1996-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. 2001-ലെ ആന്റണി സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ടെന്‍ഡര്‍ വിളിച്ചത്. ഇതോടെ കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു. 2006-ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോഴും സര്‍ക്കാര്‍ അത് നല്‍കാന്‍ തയ്യാറായില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്കായി ഒന്നുംതന്നെ ചെയ്തില്ല. പിന്നീട് സിപിഐഎം നിരന്തരം സമരം ചെയ്തതിന്റെ ഫലമായാണ് യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത് എന്നാണ് ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ പറയുന്നത്.

വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്നും അത് സ്വാഭാവികമായും ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

01-May-2025