പിഎം ശ്രീ, NCERT വിഷയങ്ങളില്‍ എതിര്‍പ്പ് നേരിട്ട് കേന്ദ്രത്തെ അറിയിക്കാന്‍ കേര

പിഎം ശ്രീ, NCERT വിഷയങ്ങളില്‍ എതിര്‍പ്പ് നേരിട്ട് കേന്ദ്രത്തെ അറിയിക്കാന്‍ കേരളം. നാളെ നടക്കുന്ന NCERT ജനറല്‍ കൗണ്‍സിലിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ടും എതിര്‍പ്പ് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകങ്ങളുടെ പ്രധാന ഭാഗങ്ങളും പേരും ഹിന്ദിയിലാക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ചരിത്ര സത്യങ്ങളെ വെട്ടിമാറ്റിയതിലും പാഠപുസ്തകങ്ങള്‍ പുനക്രമീകരിക്കുന്നതിലും കേരളത്തിന് എതിര്‍പ്പുണ്ട്. യോഗത്തില്‍ ഈ എതിര്‍പ്പ് പ്രകടിപ്പിക്കും. ചില പാഠപുസ്തകങ്ങളുടെ പ്രധാനപ്പെട്ട അധ്യായങ്ങളിലെ ഇംഗ്ലീഷ് വാക്കുകള്‍ ഉപേക്ഷിച്ച് അതെല്ലാം ഹിന്ദിയാക്കി മാറ്റിയിരിക്കുകയാണ്. അതെല്ലാം ഫെഡറല്‍ സംവിധാനത്തിനെതിരാണ് – അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങളുമായി കൂടിയാലോചനയില്ല. പി എം ശ്രീ ഒപ്പിട്ടില്ലെന്നു പറഞ്ഞു ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നു. എസ്എസ്എ ഫണ്ട് നല്‍കുന്നില്ല.1500 കോടി ആകെ നഷ്ടപ്പെടുന്നു. കേന്ദ്ര ഫണ്ട് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് മാത്രം ചെലവഴിക്കാനുള്ളതല്ല. മറ്റ് സംസ്ഥാനങ്ങളുമായി സഹകരിച്ചും നിയമനടപടി സ്വീകരിച്ചും പരിഹാരം കാണാന്‍ ശ്രമിക്കും. വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ല – വി ശിവന്‍കുട്ടി വ്യക്തമാക്കി.

01-May-2025