രാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം

‘സര്‍ബത്ത് ജിഹാദ്’ വിവാദത്തില്‍ യോഗാചാര്യന്‍ ബാബാ രാംദേവിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ബാബാ രാംദേവിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ച് ഹംദാര്‍ദിന്റെ സര്‍ബത്ത് ഉത്പന്നമായ ‘റൂഹ് അഫ്‌സ’യെ ലക്ഷ്യമിട്ട് ബാബാ രാംദേവ് വീണ്ടും വീഡിയോ പുറത്തിറക്കിയതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്.

ഏപ്രില്‍ 22-നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാബാ രാംദേവിന്റെ പുതിയ വീഡിയോ കോടതിയലക്ഷ്യമാണെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് അമിത് ബന്‍സാലിന്റെ നിരീക്ഷണം. രാംദേവിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തെ കോടതിയിലേക്ക് വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. ബാബാ രാംദേവ് ആരുടെയും നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം ലോകത്താണ് ജീവിക്കുന്നതെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു.

പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പരസ്യത്തിന്റെ ഭാഗമായാണ് ബാബാ രാംദേവ് സമാന ഉത്പന്നമായ ‘റൂഹ് അഫ്‌സ’ സര്‍ബത്തിനെ ലക്ഷ്യമിട്ട് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് പിന്നീട് വിവാദമാകുകയും ‘റൂഹ് അഫ്‌സ’യുടെ ഉത്പാദകരായ ഹംദാര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍ (ഇന്ത്യ) കോടതിയെ സമീപിക്കുകയുമായിരുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിക്കുകയാണെങ്കില്‍ അവര്‍ മദ്രസകളും പള്ളികളും പണിയുമെന്നും പക്ഷേ, നിങ്ങള്‍ ഈ സര്‍ബത്ത് (പതഞ്ജലി റോസ് സര്‍ബത്ത്) കുടിക്കുകയാണെങ്കില്‍ അതുകൊണ്ട് ഗുരുകുലങ്ങള്‍ നിര്‍മിക്കുമെന്നും ആചാര്യകുലം വികസിപ്പിക്കുമെന്നും പതഞ്ജലി സര്‍വകലാശാല വികസിക്കുമെന്നുമായിരുന്നു ബാബാ രാംദേവിന്റെ വിവാദവീഡിയോയിലെ വാക്കുകള്‍. ലവ് ജിഹാദിനെ പോലെ ഇത് ഒരുതരം സര്‍ബത്ത് ജിഹാദ് ആണെന്നും സര്‍ബത്ത് ജിഹാദില്‍നിന്ന് നിങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഈ സന്ദേശം എല്ലാവരിലേക്കും എത്തണമെന്നും ബാബാ രാംദേവ് വീഡിയോയില്‍ പറഞ്ഞിരുന്നു.

‘സര്‍ബത്ത് ജിഹാദ്’ വീഡിയോ വിവാദമായതോടെ ‘റൂഹ് അഫ്സ’യുടെ നിര്‍മാതാക്കളായ ഹംദാര്‍ദ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബാബാ രാംദേവിന്റെ വീഡിയോ തങ്ങളുടെ ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഇത് നീക്കംചെയ്യണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗിയാണ് ഹംദാര്‍ദിന് വേണ്ടി കോടതിയില്‍ ഹാജരായത്.

ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ ‘റൂഹ് അഫ്‌സ’ എന്ന ഉത്പന്നത്തെ അപമാനിച്ചു എന്നതിനപ്പുറം സാമുദായികമായ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. സര്‍ബത്ത് ജിഹാദ് പോലെയുള്ള രാംദേവിന്റെ പരാമര്‍ശങ്ങള്‍ വിദ്വേഷപ്രസംഗത്തിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. ബാബാ രാംദേവ് ഈ വീഡിയോകള്‍ എത്രയുംപെട്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്നും ഇത്തരം പരാമര്‍ശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, വ്യാഴാഴ്ച വീണ്ടും കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സമാനമായരീതിയില്‍ പുതിയ വീഡിയോ പുറത്തിറക്കിയതായി ഹംദാര്‍ദിന് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചത്. പുതിയ വീഡിയോ കോടതി നിര്‍ദേശത്തിന്റെ ലംഘനമാണെന്നും കോടതിയലക്ഷ്യമാണെന്നും അദ്ദേഹം വാദിച്ചു. ഇത് വിദ്വേഷപ്രസംഗത്തിന് തുല്യമാണെന്നും അദ്ദേഹം സ്വന്തം കാര്യം നോക്കി മുന്നോട്ടുപോകണമെന്നും തന്റെ കക്ഷിയെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും റോഹ്ത്തഗി കോടതിയില്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് ബാബാ രാംദേവിനെതിരെ കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയും കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയുംചെയ്തത്.

01-May-2025