വിഴിഞ്ഞം തുറമുഖം: ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്: മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിൽ സ്വയം അടയാളപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിലൂടെ വികസനത്തിന്റെ പുതിയ യുഗത്തിന് നാന്ദി കുറിക്കപ്പെടുകയാണ്.

കേരള സര്‍ക്കാരിന്റെ ഇച്ഛാശക്തിയും സർക്കാരിനൊപ്പം നിലയുറപ്പിച്ച ഈ നാടിന്റെ കെട്ടുറപ്പുമാണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സർക്കാർ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഒരോ മലയാളിക്കുമുള്ള സമ്മാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരു ചരിത്ര നിമിഷമാണ് അത്. രാജ്യത്തെ മറ്റ് തുറമുഖങ്ങളെ വച്ച് ഏറ്റവും വലിയ സംസ്ഥാന നിക്ഷേപമാണിത്. ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. വികസനത്തിനായുള്ള സംസ്ഥാനത്തിന്റെ ശക്തമായ പ്രതിബദ്ധതയെ ആണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

02-May-2025