ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശി ലളിതയെ ആര്‍ എസ് എസ് - ബി ജെ പി ക്രിമിനലുകള്‍ ക്രൂരമായി ആക്രമിച്ചു. പേരക്കുട്ടിയുടെ ചോറൂണിന് വേണ്ടി സന്നിധാനത്ത് അക്രമത്തിനിരയായതെന്നും ഇവര്‍ക്ക് 50 വയസ്സ് പിന്നിട്ടതാണെന്നും പൊലീസ് അറിയിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. സന്നിധാനം പൊലീസ് സ്‌റ്റേഷനുമുന്നില്‍ നേരിയ സംഘര്‍ഷമുണ്ടായി.
വലിയ നടപ്പന്തലിലെത്തിയ ലളിതയ്ക്കുനേരെ അക്രമികള്‍ പാഞ്ഞടുത്തു. ശരണംവിളിയുമായെത്തിയ അക്രമികള്‍ അവരെ വളഞ്ഞു. തുടര്‍ന്ന് ലളിതയെ വലിച്ച് താഴെയിടാനും ശ്രമമുണ്ടായി. ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് എത്തിയതോടെ അക്രമികളും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ലളിതക്കുചുറ്റും പൊലീസ് സുരക്ഷാവലയം തീര്‍ത്തതോടെയാണ് സന്നിധാനത്ത് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.
പേരക്കുട്ടിയുടെ ചോറൂണിനായാണ് സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോടു പറഞ്ഞു. 52 വയസ്സാണ് പ്രായം. അക്രമികള്‍ പമ്പയില്‍ തന്നെ പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയായിരുന്നു സന്നിധാനത്തെ അക്രമമെന്ന് ലളിത പറഞ്ഞു. ദര്‍ശനം നടത്താന്‍ ഇവര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ സുരക്ഷയൊരുക്കുമെന്ന് പൊലീസ് അറിയിച്ചു.
ആര്‍എസ്എസ്ബിജെപി നേതാക്കളും പ്രവര്‍ത്തകരും സന്നിധാനത്തും പതിനെട്ടാം പടിയിലും തമ്പടിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടരുകയാണ്. കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും കെ സുരേന്ദ്രനുമടക്കമുള്ളവര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നു. ഇരുമുടിക്കെട്ടും വ്രതവുമില്ലാതെയാണ് ഇവര്‍ സ്ത്രീകളെ തടയാന്‍ പതിനെട്ടാം പടിയിലടക്കം നിലയുറപ്പിച്ചിരിക്കുന്നത്.