കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നതിൽ സമഗ്രാന്വേഷണം തുടരുന്നു: ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നതിൽ സമഗ്രാന്വേഷണം തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. അപകട സമയത്തെ മരണം പ്രത്യേക മെഡിക്കൽ സംഘം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വിവിധ വകുപ്പുകളിലെ ഡോക്ടർമാർ അന്വേഷണ സംഘത്തിൽ ഉണ്ടാകും.

കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന 151 പേരിൽ 37 പേരേയാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. 114 പേർ ചികിത്സ തുടരുകയാണ്. സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരുടെ ഉൾപ്പെടെ വിവരങ്ങൾ പരിശോധിക്കാൻ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ചികിത്സയിൽ ആശങ്കയുണ്ടെങ്കിൽ ഹെൽപ് ലൈനിൽ ബന്ധപ്പെടാമെന്നും മന്ത്രി പറഞ്ഞു.

ഷോർട്ട് സർക്യൂട്ടോ ബാറ്ററിക്കുള്ളിലെ പ്രശ്നങ്ങളോ ആകാമെന്നാണ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. മൂന്ന് ദിവസത്തിനുള്ളിൽ കാഷ്വാലിറ്റി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാൻ പറ്റുമെന്ന് കരുതുന്നു. ഇന്ന് വൈദ്യുതി പുനസ്ഥാപിക്കാനാകും. നാളെ രാവിലേക്കകം പഴയ കാഷ്വാലിറ്റി ബ്ലോക്ക് സജ്ജമാകും. ഡോറുകൾ പൂട്ടിയിട്ടോ എന്നതുൾപ്പെടെ അന്വേഷിക്കുമെന്നും മന്ത്രി അവലോകന യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

03-May-2025