'അടിച്ചു കൊല്ലെടാ അവളെ' : ആർ എസ് എസ് സംഘപരിവാരം

സന്നിധാനത്ത് വെച്ച് 52 വയസ്സുള്ള സ്ത്രീയെ കണ്ടപ്പോള്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞ വാക്കുകളാണ് ' അടിച്ച് കൊല്ലടാ അവളെ' എന്നത്. ഇത് സോഷ്യല്‍ മീഡിയയിലാകെ വൈറലാവുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ സ്ത്രീകള്‍ക്കും കഴിയണം. 'നീ എന്റെ അധികാരിയല്ല' എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കില്‍ ഭാവി വലിയ പ്രശ്‌നം തന്നെയാകും. .അതു പറയാന്‍ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനര്‍വിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു.ശാരദക്കുട്ടി പറയുന്നു.

'അടിച്ചു കൊല്ലെടാ അവളെ' എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്, 'ജനനീ ജന്മഭൂമിശ്ച' എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്നതും ഓര്‍ക്കുക. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആണ്‍കുട്ടികള്‍ വളര്‍ന്നു വരുന്ന നാട്ടില്‍ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണ്.ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

'അടിച്ചു കൊല്ലെടാ അവളെ'
വീടുകളില്‍ കേട്ടപ്പോഴൊന്നും ആരും തടഞ്ഞിട്ടില്ല. അമ്മയേം പെങ്ങളേം ഭാര്യയേയും കാമുകിയെയും, മകളെയും അവര്‍ എതിര്‍ത്തപ്പോഴൊക്കെ നിങ്ങള്‍ നേരിട്ടത് ഇങ്ങനെ തന്നെയായിരുന്നു.'അടിച്ചു കൊല്ലെടാ അവളെ'. ഈ വാക്കുകള്‍ അതൊരംഗീകരിക്കപ്പെട്ട പല്ലിംഗാക്രോശമായിരുന്നു. സൈബറിടത്തില്‍ അതൊരു പുല്ലിംഗാഘോഷമായി നിര്‍ബാധം തുടരുകയാണ്. വൈകിയാണെങ്കിലും അമ്പലനടയിലും അതു മുഴങ്ങിക്കേള്‍ക്കുന്നു.

'അടിച്ചു കൊല്ലെടാ അവളെ'
ആഭാസന്മാരായി ആണ്‍മക്കളെ വളര്‍ത്തി വിടുന്ന ഫാസിസ്റ്റു വീടുകളോട്, നിശ്ശബ്ദം അതൊക്കെ അംഗീകരിച്ച് തല കുമ്പിട്ടു നടന്ന കുലീനതാ നാട്യങ്ങളോട് എതിരിട്ടപ്പോഴൊക്കെ ഞങ്ങള്‍ പല ഭാഷയിലിതു കേട്ടു. ആണത്തം കൊമ്പു കുലുക്കിത്തുടങ്ങുന്ന ഘട്ടത്തില്‍ അതിനെ നിലയ്ക്കു നിര്‍ത്താന്‍ വീടിനു കഴിയണം. അമ്മക്കു കഴിയണം. അവനോട് വിവിധ ഘട്ടങ്ങളില്‍ ഇടപെടുന്ന എല്ലാ സ്ത്രീകള്‍ക്കും കഴിയണം. 'നീ എന്റെ അധികാരിയല്ല ' എന്നത് വീട്ടിലെ സ്ത്രീയുടെ മുദ്രാവാക്യമാകണം. ഇല്ലെങ്കില്‍ ഭാവി വലിയ പ്രശ്‌നം തന്നെയാകും. .അതു പറയാന്‍ തന്റേടം കാട്ടാത്ത ഓരോ സ്ത്രീയും സ്വന്തം നില ഒരു പുനര്‍വിചിന്തനത്തിനു വെക്കേണ്ട സമയമായിരിക്കുന്നു.

മുത്തശ്ശിയും അമ്മയും ഭാര്യയുമടങ്ങുന്ന മൂന്നു തലമുറയിലെ സ്ത്രീകളെ തന്റെ അഹങ്കാരങ്ങള്‍ക്കു ന്യായവാദവുമായി രാഹുല്‍ ഈശ്വര്‍ കൊണ്ടിരുത്തിയപ്പോള്‍ ഞാനമ്പരന്നു: 'നിന്റെ തെമ്മാടിത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ ഞങ്ങളെ കിട്ടില്ല' എന്ന് അതില്‍ ഒരു സ്ത്രീ പോലും പറഞ്ഞില്ല. ചുമ്മാതല്ല ഇയാളിങ്ങനെ ഞുളക്കുന്നതും പുളയുന്നതും എന്ന് ഞാന്‍ ആത്മഗതം ചെയ്യുകയായിരുന്നു.

'അടിച്ചു കൊല്ലെടാ അവളെ' എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയര്‍ന്നു കേള്‍ക്കുന്നത്, 'ജനനീ ജന്മഭൂമിശ്ച' എന്നു പറയുന്ന നാവു കൊണ്ടു തന്നെയാണെന്നതും ഓര്‍ക്കുക. ഇവിടെ നാവ് ഒരു ഉദ്ധൃത പുല്ലിംഗമാണ്. ഇത്തരം ആണ്‍കുട്ടികള്‍ വളര്‍ന്നു വരുന്ന നാട്ടില്‍ അമ്മ എന്നത് ഏറ്റവും അശ്ലീലമായ പദമാണ്.

എസ്.ശാരദക്കുട്ടി
6.11.2018

 

06-Nov-2018