അതിർത്തിയിലെ അടിയന്തര സാഹചര്യം; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കി

ഇന്ത്യ – പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. അടിയന്തിരമായി ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കാനും തീരുമാനിച്ചു.

സ്ഥിതി ഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടതെന്നും പാകിസ്ഥാന്‍റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.

കണ്ണൂരിലെ സര്‍ക്കാരിൻ്റെ വാര്‍ഷികാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങളെ പ്രശംസിച്ച് സംസാരിച്ചത്. നമ്മുടെ പരമാധികാരത്തെ പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

09-May-2025