പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ട: മന്ത്രി വി. ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യതകൾ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഒരുക്കി കഴിഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രവേശനത്തിനുള്ള ട്രയൽ മെയ് 24ന് ആരംഭിക്കും. ജൂൺ 18 ന് ഹയർ സെക്കൻഡറി ക്ലാസുകൾ തുടങ്ങുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കുട്ടികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് വകുപ്പ് കൂടുതൽ ശ്രദ്ധിക്കുന്നത്. അഡ്മിഷനുമായി ബന്ധപ്പെട്ട് കുട്ടികളിലും രക്ഷിതാക്കളിലും ആശങ്ക ഉണ്ടാക്കുന്ന പ്രവണത ഉണ്ടാകുന്നെങ്കിൽ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധമായാണ് പ്രവേശനം നടത്തുന്നതെന്ന് പരാതി നൽകിയാൽ അടിയന്തര നടപടി സ്വീകരിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശന റൂൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി അറിയിച്ചു.

മാനേജ്മെന്റ് അനുവദിക്കപ്പെട്ട സീറ്റ് മെറിറ്റിലാണ് അഡ്മിഷൻ നടത്തേണ്ടത്. പ്ലസ് വൺ പ്രവേശനത്തിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ തിരിമറി ഉണ്ടായാൽ കടുത്ത നടപടിയിലേക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങും. പലസ്ഥലങ്ങളിലും ഇത്തരം പരാതികൾ ലഭിക്കാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പാവപ്പെട്ടവരെയാണ് ഉപദ്രവിക്കുന്നത്.

രാവിലെ തന്റെ വീട്ടിലും വളരെ ദയനീയമായി ഒരു കുടുംബം വന്നു, ഇങ്ങനെ പ്രവണത തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു. കുട്ടിയുടെ സ്കൂളിൻ്റെ പേര് പരാമർശിക്കാതെയാണ് ശിവൻകുട്ടി പരാമർശിച്ചത്.

11-May-2025