സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴയിൽ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലവൂർ ഗവ. എച്ച് എസ് എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചു. ചർച്ച നടക്കുന്നതേയുള്ളൂവെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളിൽ സ്‌കൂളിൽ ശുചീകരണ പ്രവർത്തനം നടത്തണം. ക്ലാസുകളും പരിസരവും വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം , എന്നീ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.

സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ്, കുട്ടികൾ എത്തുന്ന വാഹനങ്ങൾ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ ഫിറ്റ്‌നസ് ഉറപ്പാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം പ്രത്യേകം വേർതിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്താൻ പാടില്ല. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ കാമ്പസുകളിൽ സ്‌കൂൾ സമയത്ത് അന്യർക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്തു നിന്നുള്ളവർ ഇടപെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ ബാഗുകൾ അധ്യാപകർ പരിശോധിക്കണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്‌കൂളിൽ സ്ഥാപിക്കണം. തുടർച്ചയായി മൂന്ന് വർഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.

12-May-2025