ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിധിക്കെതിരെ നൽകിയ പുന:പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം
അഡ്മിൻ
ന്യൂഡൽഹി : ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിധിക്കെതിരെ നൽകിയ പുന:പരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം. ജനുവരി 22ന് ഹർജികൾ പരിഗണിക്കും. സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികളാണ് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ അഞ്ചംഗബെഞ്ച‌് ഇന്ന് പരിഗണിച്ചത്. ചേബറിലാണ‌് ഹർജികൾ പരിഗണിച്ചത്. ഹർജിയിൽ സർക്കാരിനും ദേവസ്വം ബോർഡിനും നോട്ടീസ് അയക്കും. റിട്ടു ഹർജികളും പരിഗണിക്കും.
ചീഫ‌്ജസ‌്റ്റിസിന‌് പുറമെ കേസിൽ നേരത്തെ വിധി പറഞ്ഞ എ എം ഖാൻവിൽക്കർ, ആർ എഫ‌് നരിമാൻ, ഡി വൈ ചന്ദ്രചൂഡ‌്, ഇന്ദുമൽഹോത്ര എന്നിവരാണ് റിവ്യൂ ഹർജി പരിഗണിച്ചത്.
ഇന്ത്യൻ യങ് ലോയേഴ‌്സിന്റെ ഹർജിയില്‍ മുൻ ചീഫ‌്ജസ‌്റ്റിസ‌് ദീപക‌് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച‌് സെപ‌്തംബർ 28ന‌് പുറപ്പെടുവിച്ച വിധിക്കെതിരെയാണ‌് 49 പുനഃപരിശോധനാഹർജികൾ വന്നത് . പന്തളം കൊട്ടാരം, തന്ത്രി കണ‌്ഠര‌് രാജീവര‌്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണഫോറം, എൻഎസ‌്എസ‌്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ‌് ഹർജി നൽകിയത‌്.
അതേസമയം ശബരിമല സ്‌ത്രീപ്രവേശന വിധിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ റിവ്യൂ പരിഗണിച്ച ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രാവിലെ വ്യ്‌കതമാക്കിയിരുന്നു.