മർദ്ദനമേറ്റ അഭിഭാഷകയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ച സംഭവം ഗൗരവമേറിയതാണെന്ന് നിയമമന്ത്രി പി.രാജീവ്. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണുണ്ടായതെന്നും ഇത് നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ശ്യാമിലിയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രമിച്ചെന്ന ആക്ഷേപം ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരത്തില്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരും നിയമത്തിന്റെ പരിധിയില്‍ വരണമെന്നു മന്ത്രി പറഞ്ഞു.

”കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരെ കുറ്റവാളികളായാണ് നിയമം കണക്കാക്കുന്നത്. അതും പൊലീസ് അന്വേഷിക്കണം. അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിച്ചതു തെറ്റായ നടപടിയാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യും. തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. അതില്‍ നടപടി എടുക്കേണ്ടത് ബാര്‍ കൗണ്‍സിലാണ്. സര്‍ക്കാരും നിയമവകുപ്പും അത് ബാര്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പെടുത്തും.” മന്ത്രി പറഞ്ഞു.

”അച്ചടക്കലംഘനത്തിനു കര്‍ശന നടപടി വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. അന്വേഷണഘട്ടത്തില്‍ ബെയ്ലിന്‍ ദാസിനെക്കുറിച്ച് കൂടുതല്‍ പരാതികള്‍ വന്നാല്‍ പരിശോധിക്കും. ബാര്‍ കൗണ്‍സില്‍ അക്കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടും.” മന്ത്രി പറഞ്ഞു. അതിനിടെ, ബെയ്ലിന്‍ ദാസ് കുറ്റിച്ചിറയിലെ കോസ്റ്റല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടി. ജോലി സ്ഥലത്തുവച്ച് മര്‍ദനമേറ്റുവെന്നു പറഞ്ഞാണ് ചികിത്സ തേടിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി ബെയ്ലിന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

14-May-2025