മന്ത്രി വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു
അഡ്മിൻ
കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ അപകീര്‍ത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും സൈന്യത്തിന്റെ മുഖമായി പ്രത്യക്ഷപ്പെട്ടിരുന്നു.
ഇരുവരും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്കൊപ്പവും വാര്‍ത്താ സമ്മേളനങ്ങളില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇത് എടുത്ത് പറഞ്ഞായിരുന്നു, വര്‍ഗീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം മന്ത്രി നടത്തിയത്.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു സംഭവം. ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും പെണ്മക്കളുടെയും സിന്ദൂരം മായ്ച്ചു. അതിന് പകരം അവരുടെ സഹോദരിയെ ഞങ്ങള്‍ തിരിച്ചയച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തീവ്രവാദികള്‍ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. മോദിജി അവരുടെ തന്നെ സഹോദരിയെ പ്രതികാരം ചെയ്യാന്‍ തിരിച്ചയച്ചു.
നമുക്ക് അവരെ വിവസ്ത്രരാക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ അവരുടെ സമുദായത്തില്‍ നിന്നുള്ള ഒരു മകളെ ഞങ്ങള്‍ അയച്ചു. നമ്മുടെ സമുദായത്തിലെ സഹോദരിമാരെ നിങ്ങള്‍ വിധവകളാക്കി, നിങ്ങളുടെ സമുദായത്തില്‍ നിന്നുള്ള ഒരു സഹോദരി തന്നെ നിങ്ങളെ വിവസ്ത്രരാക്കും. പ്രതികാരം ചെയ്യാന്‍ നിങ്ങളുടെ മതത്തിലെ തന്നെ പെണ്മക്കളെ പാകിസ്ഥാനിലേക്ക് അയക്കാമെന്ന് മോദിജി തെളിയിച്ചു എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.