ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എൻ‌എൽ‌യു ഡൽഹിയിൽ പ്രൊഫസറാകും

ആറ് മാസങ്ങൾക്ക് മുൻപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇനി അധ്യാപന ജീവിതത്തിലേക്ക്. ദേശീയ നിയമ സര്‍വകലാശാലയില്‍ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് സര്‍വകലാശാല വൈസ് ചാൻസലർ പ്രഫ. ജി.എസ്. ബാജ്‌പായ് പറഞ്ഞു.

അതേസമയം അടുത്ത അക്കാദമിക് വർഷം മുതൽ നിയമ വിഷയങ്ങളിൽ ലക്ചറർ സീരീസ് സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അത്യാധുനിക ​ഗവേഷണങ്ങൾക്ക് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വം നൽകും. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡ് രണ്ട്‌ വർഷത്തെ സേവനത്തിനുശേഷം 2024 നവംബറിലാണ് വിരമിച്ചത്.

അയോധ്യ ഭൂമി തർക്കം, സ്വകാര്യതയ്ക്കുള്ള അവകാശം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള സുപ്രധാനമായ വിഷയങ്ങളിൽ 38 ഭരണഘടനാ ബെഞ്ചുകളിലും സുപ്രധാന വിധിന്യായങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

1998 ൽ സീനിയർ അഭിഭാഷകനായി നിയമിതനായ അദ്ദേഹം ജുഡീഷ്യൽ നിയമനത്തിന് മുമ്പ് അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. ശേഷം 2000 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2013 ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നേടുകയായിരുന്നു.

16-May-2025