അയ്യപ്പനെ കാണാൻ തൃപ്തിദേശായി എത്തുന്നു.

മലയാളി ഫെമിനിസ്റ്റുകളെ നാണിപ്പിച്ചുകൊണ്ട് സ്വാമി അയ്യപ്പനെ കാണാനായി തൃപ്തി ദേശായിയും സംഘവും വരുന്നു. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സോഷ്യല്‍മീഡിയയിലും പുറത്തും ഗീര്‍വാണങ്ങളടിക്കുമ്പോഴാണ് തൃപ്തി ദേശായി നവോത്ഥാന ധാരയുടെ തുടര്‍ച്ച കുറിച്ചുകൊണ്ട് ശബരിമലയിലേക്ക് എത്തുന്നത്. ഇരുമുടിക്കെട്ടുമായി വ്രതാനുഷ്ടാനങ്ങള്‍ പാലിച്ച് ശബരിമലയിലേക്കെത്തുമ്പോള്‍ ആരെങ്കിലും തടയാന്‍ വന്നാല്‍ അവര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊള്ളാനുള്ള ഇച്ഛാശക്തിയും തൃപ്തിക്കും കൂട്ടര്‍ക്കും ഉണ്ട്. അതുകൊണ്ട് അയ്യപ്പന്റെ ഗുണ്ടയെപ്പോലെ സന്നിധാനത്ത് റോളെടുക്കുന്ന വത്സന്‍ തില്ലങ്കേരിയടക്കമുള്ള ആര്‍ എസ് എസ് ക്രമിനലുകള്‍ തൃപ്തിയുടെ മുന്നില്‍ വാലുമടക്കാനാണ് സാധ്യത. 

ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17ന് ശനിയാഴ്ച എത്തുമെന്നാണ് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറയുന്നത്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും തൃപ്തി വ്യക്തമാക്കി. ഏഴ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞിരുന്നു.

14-Nov-2018