സർവകക്ഷി യോഗം തുടങ്ങി

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ  ചേംബറില്‍ ചേരുന്ന യോഗത്തെ വലിയ പ്രതീക്ഷയോടെയാ്ണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികളുടെ പേര് പറഞ്ഞ് നടത്തുന്ന കലാപ ശ്രമത്തെ അതിജീവിക്കാന്‍ ഈ യോഗത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

മണ്ഡലപൂജ  മകരവിളക്ക് തീര്‍ഥാടനകാലം സംഘര്‍ഷം ഒഴിവാക്കി നടത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് യോഗം ചേരുന്നത്. ഇതിന് എല്ലാ വിഭാഗങ്ങളുടെയും നിര്‍ദേശം സ്വീകരിക്കും. കോണ്‍ഗ്രസ് , ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സര്‍വകക്ഷിയോഗം കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം തന്ത്രി കുടുംബം, പന്തളം മുന്‍രാജകുടുംബം പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

യുവതിപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വീണ്ടും വിഷയം പരിഗണിച്ചെങ്കിലും വിധി സ്‌റ്റേ ചെയ്യുന്നില്ലെന്ന്  ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.  മകരവിളക്ക് മണ്ഡലപൂജകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തില്‍  സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ബെഹ്‌റ ഇന്ന് നിലക്കല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. തീര്‍ഥാടകര്‍ക്ക് വെള്ളിയാഴ്ച പകല്‍ 11 മുതല്‍ നിലയ്ക്കലിലേയ്ക്ക് പ്രവേശനം അനുവദിക്കും. 12 മുതല്‍ തീര്‍ഥാടകരെ നിലയ്ക്കലില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേയ്ക്ക് കൊണ്ടുപോകും.

സര്‍വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയെന്ന് യോഗത്തിനെത്തിയ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.


15-Nov-2018