സർവകക്ഷിയോഗം ബഹിഷ്കരിച്ചു പ്രതിപക്ഷവും ബിജെപിയും

ശബരിമല സ്ത്രീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റനിലപാടുമായി സര്‍ക്കാരിനെതിരെ തിരിഞ്ഞു. കോണ്‍ഗ്രസും ബിജെപിയും സര്‍വകക്ഷിയോഗം ബഹിഷ്‌ക്കരിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.

യോഗം അവസാനിച്ചശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. സ്ത്രീപ്രവേശം അംഗീകരിച്ച സുപ്രീംകോടതിവിധിയും അതിന് ശേഷവും കോടതി സ്വീകരിച്ച നിലപാടുകളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാരിന് ഇതിന്മേല്‍ എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് ആലോചിച്ചത്.  വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നു. സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ മുന്‍വിധിയുണ്ടെന്നായിരുന്നു ഇരുകൂട്ടരും ആരോപിച്ചത്. എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു മുന്‍വിധിയും ഉണ്ടായിട്ടില്ലെന്നും കോടതി എന്താണോ പറഞ്ഞത് ആ വിധി നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 1991ല്‍ സ്ത്രീപ്രവേശനം നിയന്ത്രിച്ച ഹൈക്കോടതി വിധി വന്നപ്പോഴും ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ജനാധിപത്യ സമ്പ്രദായവും നിയമവാഴ്ച്ചയും നിലനില്‍ക്കുന്ന രാജ്യമാണിത്. അതുകൊണ്ട് ഇതിലൊരു ദുര്‍വാശിയുമില്ല. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വിശ്വാസികള്‍ക്ക് എല്ലാവിധ സംരക്ഷണവും കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ശബരിമലയുടെ യശസ്സ് ഉയര്‍ത്താന്‍ ആവശ്യമായ ക്രമീകരണങ്ങളെല്ലാം നടത്തിവരികയാണ്. സെപ്തംബര്‍ 28ന്റെ വിധി അതേപടി നിലനില്‍ക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്. അപ്പോള്‍ കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റൊരു വഴിയുമില്ല. മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ നടത്തിയ അഭ്യര്‍ത്ഥന സ്ത്രീപ്രവേശനത്തില്‍ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നതായിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗില്‍ പ്രത്യേക ദിവസങ്ങള്‍ മാറ്റിവെയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട ആളുകളുമായി ആലോചിച്ച് തീരുമാനിക്കാം എന്ന് പറഞ്ഞ് യോഗം അവസാനിച്ചു. എന്നാല്‍,  യോഗം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ തങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ മറുപടിയും കഴിഞ്ഞ് ചര്‍ച്ച അവസാനിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവും കൂട്ടരും ഇറങ്ങിപ്പോയത്.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാനുള്ളതല്ല. വിശ്വാസമാണ് മൗലികാവകാശമല്ല വലുത് എന്ന നിലപാട് ഒരു സര്‍ക്കാരിന് സ്വീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി അക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. വിധി അനുശാസിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നതായിരുന്നു പ്രതിപക്ഷവും ബിജെപിയും സ്വീകരിച്ച നിലപാട്.

സര്‍വകക്ഷിയോഗം വെറും പ്രഹസനം മാത്രമാണെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്നത് വളരെ ദൗര്‍ഭാഗ്യകരണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നല്ല അവസരം സര്‍ക്കാര്‍ പാഴാക്കിയെന്നും ഇനി ശബരിമലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി മാത്രമായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ച അവസരത്തില്‍ വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടണമെന്നും  ജനുവരി 22 വരെ സമയം ഉള്ളതുകൊണ്ട് അതുവരെ വധി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിട്ടു നില്‍ക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇതോടൊപ്പം ഭക്തജനങ്ങളുടെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുകയും ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരിധി നിശ്ചയിക്കണമെന്നുമുള്ള നിലപാടിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ യുഡിഎഫ് ഇറങ്ങിപ്പോന്നു.

യോഗത്തിനായി സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച്  പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വെറും നാടകമാക്കി മാറ്റിയെന്നും അദേഹം ആരോപിച്ചു. വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തിന് പോയത്. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത് ഏകെജി സെന്ററില്‍ നിന്നാണെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സിപിഎമ്മിനും സര്‍ക്കാരിനും ഒരേ ശബ്ദമാണ്. യോഗം വെറും പ്രഹസനം മാത്രമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമസ്വാതന്ത്ര്യം വിലക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സന്നിധാനത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് എന്തിന്റെ പേരിലാണ്. ശബരിമല പ്രശ്‌നത്തില്‍ ജനാധിപത്യപരമായ കാഴ്ചപ്പാടുകള്‍ മുന്‍ നിര്‍ത്തിയുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികളുടെയും പ്രതികരണം വന്നതോടുകൂടി ശബരിമല വിഷയത്തില്‍ നിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള അവരുടെ ശ്രമത്തില്‍ നിന്നും ആ പാര്‍ടികള്‍ പിന്നോക്കമില്ല എന്നത് വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു ഭരണഘടനാ സ്ഥാപനമായതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. അതിനാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള മുന്‍കരുതലുകള്‍ യുദ്ധകാലാടിസ്ഥാനത്തിലെടുത്ത് കേരള ഹൈക്കോടതിയെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിര്‍ബന്ധിതമാവും.



15-Nov-2018