പിണറായി നടപ്പാക്കുന്നത് സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള ദൈവഹിതം !

തൃപ്തി ദേശായി ശബരിമലയിലേക്കെത്തുമ്പോള്‍ അവര്‍ക്ക് സംഘിപട്ടം ചാര്‍ത്തികൊടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ തൃപ്തി സംഘിയല്ല. അതേസമയം നിരവധി സംഘപരിവാര്‍ നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന തൃപ്തി ദേശായി അവരോട് നിരവധി സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. പലപ്പോഴും ആര്‍ എസ് എസിന് അനുകൂലമായ പ്രസ്താവനകള്‍ നടത്തുന്ന തൃപ്തി ദേശായി, ശബരിമലയിലേതടക്കം ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് എടുക്കുന്ന നട്ടെല്ലില്ലാത്ത നിലപാടിനോട് പൊരുതുന്നതില്‍ വിട്ടുവീഴ്ച കാണിക്കാറുമില്ല.

സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീകളുടെ വിശ്വാസാവകാശങ്ങള്‍ സംരക്ഷിക്കാനും നിരവധി പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന തൃപ്തി ദേശായി ഇപ്പോള്‍ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാര്തതിന്റെ കണ്മിലെ കരടാണ്.

ഭര്‍ത്താവ് പ്രശാന്ത് ദേശായിക്കും ആറുവയസ്സുകാരനായ മകനുമൊപ്പം സ്വന്തം ജീവനും ഭീഷണിയുണ്ടെന്ന തിരിച്ചറിവില്‍ തന്നെയാണ് തൃപ്തി സ്ത്രീകളുടെ അവകാശത്തിനായി പോരാട്ടം നടത്തുന്നത്. കേവലം 40 പേരുമായി 2010 ല്‍ അവര്‍ തുടങ്ങിയ ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡ് എന്ന അവരുടെ സംഘടനയില്‍ ഇന്ന് അയ്യായിരം പേരോളം ഉണ്ട്.  കര്‍ണാടകയിലെ നിപാന്‍ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനവും ബാല്യകാലവും. തെക്കന്‍ മഹാരാഷ്ട്രയിലെ ആള്‍ദൈവം ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് പിതാവ് ആശ്രമത്തിലേക്ക് പോയപ്പോള്‍ മാതാവിനും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി.

2003 ല്‍ ചേരി നിവാസികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയത്. 22 വയസ്സുള്ളപ്പോള്‍ 2007 ല്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍ നിരയില്‍ നിന്നതോടെ അവര്‍ വാര്‍ത്താപ്രാധാന്യം നേടി. ഈ സംഭവത്തില്‍ 35,000 പേര്‍ക്ക് നിക്ഷേപം ഉണ്ടായിരുന്ന ബാങ്കില്‍ നിന്നും 29,000 പേരുടെ നിക്ഷേപം തിരിച്ചു കൊടുക്കാനായെന്ന് തൃപ്തി അവകാശപ്പെടുന്നു. പിന്നീട് അഴിമതി വിരുദ്ധ പോരാട്ടത്തിനിറങ്ങിയ അന്നാ ഹസാരേയ്ക്ക് ഒപ്പമായി തൃപ്തിയുടെ സംഘടന. അതോടെയാണ് തൃപ്തിക്ക് സംഘിപട്ടം കിട്ടിയത്.

ഇതിനെല്ലാം പിന്നാലെയായിരുന്നു ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അവരുടെ പേരാട്ടം ശക്തമാവുന്നത്. 400 വര്‍ഷക്കാലത്തോളമായി സ്ത്രീ പ്രവേശനം നിഷേധിക്കപ്പെട്ട മഹാരാഷ്ട്രയിലെ  ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം ലഭിക്കാന്‍ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് തൃപ്തി രാജ്യത്താകെ ശ്രദ്ധേയയായത്. 2015 ഡിസംബര്‍ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ടു ദിവസത്തിനകം 400 പേരുമായി വീണ്ടും എത്തുമെന്ന് തൃപ്തി ഭീഷണിപ്പെടുത്തി. ഏപ്രിലില്‍ വീണ്ടും ആള്‍ക്കാരുമായി എത്തിയെങ്കിലും തടയപ്പെട്ടു. തുടര്‍ന്ന് ലിംഗവിവേചനത്തിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിച്ച തൃപ്തി അക്കാര്യത്തില്‍ അനുകൂല വിധി നേടി. ഇതോടെ ക്ഷേത്രത്തില്‍ തൃപ്തി ദേശായിയും കൂട്ടരും പ്രവേശിച്ചു. ഇതേപോലെ സ്ത്രീകള്‍ക്കെതിരായുള്ള ആചാരം പിന്തുടര്‍ന്നിരുന്ന കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബകേശ്വര്‍ ശിവക്ഷേത്രത്തിലും പുരുഷ സാന്നിദ്ധ്യം മാത്രമെന്ന പാരമ്പര്യം തെറ്റിച്ച ശേഷമായിരുന്നു തൃപ്തി ശനി ശിംഘ്‌നാപൂരിലേക്ക് എത്തിയത്. കോലാപ്പൂരിലെ ക്ഷേത്രത്തില്‍ തൃപ്തിയ്ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയെങ്കിലും പൂജാരിമാര്‍ പ്രവേശനം തടഞ്ഞുകൊണ്ടു രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവരെല്ലാം അറസ്റ്റിലാവുകയായിരുന്നു. പിന്നീട് പോലീസ് അകമ്പടിയോടെയാണ് തൃപ്തി ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ കയറിയത്.

ഹിന്ദുക്ഷേത്രങ്ങളില്‍ മാത്രമായിരുന്നില്ല സ്ത്രീപ്രവേശനം തടഞ്ഞിരുന്ന ഇസ്ലാം പള്ളികളിലേക്കും തൃപ്തി പ്രതിഷേധം നീട്ടിയിരുന്നു. 2012 ല്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീപ്രവേശനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഇവിടെ കയറാന്‍ 2016 ല്‍ തൃപ്തി ഒരു ശ്രമം നടത്തിയെങ്കിലും തടയപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍  നേരത്തേ തന്നെ ഭാരതീയ മുസഌം മഹിളാ ആന്ദോളന്‍ 2014 ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍   സ്ത്രീപ്രവേശനത്തിന് തങ്ങള്‍ എതിരല്ലെന്ന് സുപ്രീംകോടതിയെ ദര്‍ഗ ട്രസ്റ്റിന് അറിയിക്കേണ്ടി വന്നു. സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2016 മെയ് യില്‍ നൂറിലധികം സ്ത്രീകള്‍ ദര്‍ഗയില്‍ കയറി പ്രാര്‍ത്ഥന നടത്തി.

തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയാല്‍ തടയുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തൃപ്തിയാകട്ടെ ഒരുമുഴം നീട്ടി എറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഭരണഘടനാപരമായ മൗലികാവകാശം സാക്ഷാത്കരിച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തൃപ്തിയുടെ കത്തിനെ അവഗണിക്കാന്‍ സാധിക്കില്ല.

തൃപ്തി ദേശായിയും സംഘവും ശബരിമല കയറുമ്പോള്‍, സ്ത്രീപുരുഷ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടി പൊരുതുന്ന കേരളത്തിലെ ഫെമിനിസ്റ്റുകള്‍ അങ്കലാപ്പിലാണുള്ളത്. ചുംബനസമരം പോലെയോ, ഫ്രീഡം മാര്‍ച്ച് പോലെയോ മാധ്യമ പരിലാളന മാത്രം ലഭിക്കുന്നതല്ല, സംഘികളുടെ അടിയും തൊഴിയും ലഭിക്കുമെന്നുള്ളതുകൊണ്ട് കേരള ഫെമിനിസ്റ്റുകള്‍ ശബരിമലയെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പുകള്‍പ്പുറത്തേക്ക് പോകാന്‍ തയ്യാറായിട്ടില്ല. രഹ്ന ഫാത്തിമയെ പോലുള്ള ആക്റ്റിവിസ്റ്റുകള്‍ ആര്‍ എസ് എസ് - ബി ജെ പി നേതൃത്വവുമായുണ്ടാക്കിയ ധാരണയുടെ പുറത്ത് ഗൂഡമായ ലക്ഷ്യത്തോടെ മലചവിട്ടാനൊരുങ്ങിയെങ്കിലും തിരികെ മടങ്ങുന്നു എന്നെഴുതി നല്‍കി മലയിറങ്ങുകയായിരുന്നു. അവിടെയാണ് തൃപ്തി ദേശായിയും കൂട്ടരും പ്രസക്തരാവുന്നത്.

സ്വാമി അയ്യപ്പന്‍, തൃപ്തി ദേശായിയുടെയും രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെയും കൂടി ദൈവമാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനിലൂടെ അയ്യപ്പന്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നതെന്നാണ് തൃപ്തിയും കൂട്ടരും പറയുന്നത്. പിണറായി വിജയന്‍ ദൈവത്തിന്റെ പ്രതിനിധിയായാണ് ഇപ്പോൾ നില്‍ക്കുന്നതെന്നും അദ്ദേഹം നടപ്പിലാക്കുന്നത് സ്ത്രീസമൂഹത്തിനു വേണ്ടിയുള്ള ദൈവഹിതമാണെന്നും വിശ്വാസികളായ ഞങ്ങള്‍ കരുതുന്നു എന്നുകൂടി തൃപ്തി പറയുമ്പോള്‍ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം മറുപടിയില്ലാതെ നില്‍പ്പാണ്.  

15-Nov-2018