ഇടുക്കിയില്‍ കനത്ത മഴ; വട്ടവടയില്‍ ഉരുള്‍പൊട്ടി; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കനത്ത മഴയെത്തുടര്‍ന്ന് മൂന്നാര്‍ വട്ടവടയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തെ രണ്ടു കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത് തീരങ്ങളില്‍ താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേരശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ചുഴലിക്കാറ്റായി തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെ ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ടാംഘട്ട ജാഗ്രത നിര്‍ദേശം(ഓറഞ്ച് അലേര്‍ട്ട്) പുറപ്പെടുവിച്ചു. ജില്ലാ ഭരണകൂടങ്ങളും പോലീസ്, അഗ്‌നിശമനസേന, കെഎസ്ഇബി വകുപ്പുളും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വ്യാപകമായ മഴയ്ക്കു സാധ്യതയുള്ള കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്രം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം, ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്, മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കി.

മത്സ്യത്തൊഴിലാളികള്‍ ഇന്നു വൈകിട്ടുമുതല്‍ കടലില്‍ പോകരുത്. നാവികസേനയും തീരസംരക്ഷണസേനയും മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

16-Nov-2018