മാസത്തിൽ നാലുതവണ ശശികല മലചവിട്ടുന്നത് എന്ത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ?

ശബരിമല സന്നിധാനത്ത് കലാപമുണ്ടാക്കാനുള്ള സുവര്‍ണാവസരമായി ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ കാണുന്നവര്‍ക്ക് അയ്യപ്പനോടും അയപ്പഭക്തരോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലെന്ന് ലോകെ തിരിച്ചറിയുന്ന സന്ദര്‍ഭമാണ് നിലവിലുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആക്രമങ്ങള്‍ അഴിച്ചുവിട്ട് ഹിന്ദു ഐക്യവേദിയും ബിജെപിയും നേതൃത്വം നല്‍കുന്ന ഹര്‍ത്താലില്‍ സംസ്ഥാനമൊട്ടാകെ പ്രകോപനപരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. സാധാരണ ഹര്‍ത്താലുകള്‍ക്ക് നല്‍കുന്ന ഇളവുപോലും നല്‍കാന്‍ സംഘപരിവാര്‍ തയ്യാറാവുന്നില്ല കടകംപള്ളി പറഞ്ഞു. അയ്യപ്പ ഭക്തരുടെ വാഹനമടക്കം ആര്‍എസ്എസ് സംഘം തടയുകയാണ്. തീര്‍ത്ഥാടകര്‍ക്ക് വെള്ളംപോലും ലഭ്യമാകാത്ത വിധത്തിലാണ് ബിജെപിയുടേയും ഹിന്ദു ഐക്യവേദിയുടേയും സമരം. പല സ്ഥലത്തും അയ്യപ്പഭക്തര്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ട്. സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് പലരും സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെടുന്നുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ആരാണ് കരുക്കള്‍ നീക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഇതൊക്കെ.

ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ നാട്ടിലെമ്പാടും വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനിടയില്‍ നാലുതവണ ശശികല ശബരിമല സന്ദര്‍ശിക്കുന്നത് ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ശബരിമല ക്ഷേത്രത്തെ ചോരക്കളമാക്കി മാറ്റുന്നതിനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. മരക്കൂട്ടത്ത് വച്ച് മടങ്ങിപ്പോകാന്‍ നിരന്തരമായി ശശികലയോട് പൊലീസ് അഭ്യര്‍ഥിച്ചു. എന്നാല്‍ അതിന് തയ്യാറാവാതെ വെല്ലുവിളിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ശശികലക്കെതിരെ നടപടി എടുത്തത്. എന്നാല്‍ അതിനായി  ലക്ഷക്കണക്കിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാകാത്ത വിധത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്.

കരുനാഗപ്പള്ളിയിലും തലശേരിയിലും ചില പ്രത്യേക വിഭാഗങ്ങളുടെ കടകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു സംഘപരിവാറെന്നും കടകംപള്ളി പറഞ്ഞു. രക്തവും മൂത്രവുമൊഴുക്കി നട അടപ്പിക്കുമെന്നുപറഞ്ഞ ഒരു മാന്യനുണ്ടായിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ കാണുന്നില്ല. ഇദ്ദേഹം തൃപ്തി ദേശായിയുമായി നില്‍ക്കുന്ന ഒരു ചിത്രം തന്റെ വാട്‌സാപ്പിലേക്ക് ഒരു സുഹൃത്ത് അയച്ചു തന്നിരുന്നു. ഇത്തരക്കാരുടെയെല്ലാം ലക്ഷ്യമെന്താണെന്ന് വ്യക്തമാണെന്നും കടകംപള്ളി വ്യക്തമാക്കി.


17-Nov-2018