ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 6.45ഓടെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ സുരേന്ദ്രനെ ഹാജരാക്കുകയായിരുന്നു. സുരേന്ദ്രന്റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ബോധ്യപ്പെട്ടപ്പോഴാണ് 14 ദിവസത്തെ റിമാന്‍ഡ് ലഭിച്ചത്. കൊട്ടാരക്കര സബ് ജയിലിലേക്ക് സുരേന്ദ്രനെ കൊണ്ടുപോകുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്.
ജാമ്യമില്ലാകുറ്റം ചുമത്തിയാണ് പോലീസ് കെ സുരേന്ദ്രനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഔദ്യോഗിക കൃത്യ നിര്‍വ്വണം തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ആദ്യം കരുതല്‍ തടങ്കല്‍ എന്നു പറഞ്ഞാണ് അറസ്റ്റ് ചെയ്യാനൊരുങ്ങിയതെങ്കിലും അരമണിക്കൂറോളം നേരം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഇരുമുടിക്കെട്ടില്‍ വെടിവെക്കരുത് എന്റെ ജീവനാണ് തുടങ്ങിയ പരാമര്‍ശങ്ങളും സുരേന്ദ്രന് വിനയായി മാറുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതീക്ഷിക്കാതെ 14 ദിവസം റിമാൻഡ് ചെയ്തു ജയിലിൽ അകപ്പെട്ടപ്പോൾ കെ സുരേന്ദ്രൻ ആകെ തകർന്നുപോയി. പൊട്ടിക്കരഞ്ഞ സുരേന്ദ്രൻ പരസ്‌പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞപ്പോൾ പോലീസുകാർ സമാധാനിപ്പിച്ചാണ് സംയമനം പാലിപ്പിച്ചത്. തുടർന്ന് മനുഷ്യാവകാശ ലംഘനമാണുണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. കുടിക്കുവാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും മരുന്നു കഴിക്കുവാന്‍ അനുവദിച്ചില്ലെന്നും ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, സുരേന്ദ്രന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് പോലീസ് പ്രതികരിച്ചു.
ഇന്നലെ രാത്രി 7.30ഓടെയാണ് സുരേന്ദ്രന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്. ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ പുലര്‍ച്ചെ 3.30ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. ചിറ്റാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധവും നടന്നു.