ഫാസിസ്റ്റ് സ്വപ്നം പരാജയപ്പെടുകയേ ഉള്ളൂ : സുനിൽ പി ഇളയിടം
അഡ്മിൻ
സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ശക്തമായ നിലപാടുമായി പ്രതികരിച്ച തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ തുറന്നടിച്ച് എഴുത്തുകാരന്‍ സുനില്‍ പി. ഇളയിടം. ഒരു മാരകശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന ഉത്തമ ബോധ്യത്തോടെയാണ് ശബ്ദമുയര്‍ത്തുന്നതെന്നും സുനില്‍ പി. ഇളയിടം പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായി തുടരുന്ന സംഘടിത ആക്രമങ്ങള്‍ക്കെതിരെ അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സോദരത്വേന.....
അളവില്ലാത്തത്ര
കരുതലോടെ ഒട്ടനവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും പല രൂപത്തില്‍ പിന്‍തുണ അറിയിക്കുകയും ചെയ്തത്. 'ശ്രദ്ധിക്കണം' എന്ന് ഏറെപ്പേരും ഓര്‍മ്മിപ്പിച്ചു. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കെല്ലാം ഹൃദയം നിറഞ്ഞ സ്‌നേഹം. നന്ദി.
'ശ്രദ്ധിക്കണം' എന്ന കരുതലും അതിനു പിന്നിലെ സ്‌നേഹവും എനിക്കു മാത്രമായുള്ളതല്ലെന്നും ഈ നാടിന്റെ പാരമ്പര്യമായി മാറിയ വലിയ ചില മൂല്യങ്ങളില്‍ നിന്ന് ഉറവ പൊട്ടിയവയാണ് അതെന്നും ഞാന്‍ മനസ്സിലാക്കുന്നുണ്ട്.
ശ്രദ്ധിക്കുന്നുണ്ട്.
അതിനുമപ്പുറം ഭയക്കാതിരിക്കുന്നുമുണ്ട്.
ധീരത കൊണ്ടല്ല.
നീതിയുടെ ബലം കൊണ്ട്.
ഒരു മാരകശക്തിയോടാണ് ഏറ്റുമുട്ടുന്നത് എന്ന ഉത്തമ ബോധ്യത്തോടെ മാത്രമേ ഹൈന്ദവ വര്‍ഗ്ഗീയതയോട് ആര്‍ക്കും എതിരിടാനാവൂ.ഗാന്ധിജിയെ വെടിവച്ചു കൊന്ന പാരമ്പര്യമാണ് അതിന്റേത്. അതിനു മുന്നില്‍ ഏവരും എത്രയോ ചെറിയ ഇരകളാണെന്നും എനിക്കറിയാം.
എങ്കിലും ഈ സമരം നമുക്ക് തുടരാതിരിക്കാനാവില്ല.
'സോദരത്വേന... ' എന്ന് ചരിത്രത്തിന്റെ ചുവരിലെഴുതിയ ആ മഹാവാക്യത്തെ മതഭ്രാന്തിന്റെ പടയോട്ടങ്ങള്‍
മായ്ചു കളയുന്നത് നമുക്ക് അനുവദിക്കാനാവില്ല.
ശബരിമല വിഷയത്തില്‍ സംസാരിച്ചു തുടങ്ങിയതിനു ശേഷം കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളില്‍ സംഘടിതമായി വലിയ ആക്രമണങ്ങളാണ് ഒരുമിച്ചരങ്ങേറിയത്. തെറിക്കത്തുകള്‍ മുതല്‍ വധഭീഷണി വരെ.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ മുതല്‍ അപവാദങ്ങള്‍ വരെ... എല്ലാം ഉപയോഗിക്കപ്പടുന്നുണ്ട്. അത് ഉടനെ അവസാനിക്കാന്‍ ഇടയുമില്ല.
എങ്കിലും എന്റെ സംസാരം പതറാതെ ഇനിയും തുടരുക തന്നെ ചെയ്യും.
ഭയം വിതച്ച് ഭയം കൊയ്യുന്ന ഒരു ലോകമായി ഈ നാടിനെ മാറ്റിയെടുക്കാന്‍ ആര്‍ക്കുംഎളുപ്പം സാധ്യമാവില്ല എന്നെനിക്കറിയാം.
എത്രയോ പേര്‍ ചുറ്റും ഉണര്‍ന്നിരിക്കുന്നു!!
പലരും വേട്ടയാടപ്പെടുന്നുണ്ട്.
ബിന്ദു കല്യാണി തങ്കം, ശ്രീചിത്രന്‍....... ഈ പരമ്പരയില്‍ ഇപ്പോള്‍ ഏറെപ്പേരുണ്ട്.
എതിര്‍ത്തു നില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഫാസിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുണ്ട്.
പക്ഷേ, നീതിബോധത്തെയും അതിന്റെ മൂല്യങ്ങളെയും ഇല്ലാതാക്കാം എന്ന ഫാസിസ്റ്റ് സ്വപ്നം പരാജയപ്പെടുകയേ ഉള്ളൂ.
മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യ നീതി തുടങ്ങിയ ചില അടിസ്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി വൈജ്ഞാനികമായ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് ഞാന്‍ കഴിഞ്ഞ കുറെക്കാലമായി ചെയ്തു വരുന്നത്. അതിനു വേണ്ടി തെരുവോരങ്ങളിലും വഴിവക്കുകളിലും സമ്മേളനമുറികളിലും എല്ലാം നാനാതരം ആശയങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അത്തരം അറിവുകള്‍ തന്നെവരോടെല്ലാം ഇന്നാട്ടിലെ സാമാന്യമനുഷ്യരോടൊപ്പം ഞാനും കൃതജ്ഞതയുള്ളവനാണ്. 'ഒരാശയം ഭൗതികശക്തിയായിത്തീരുന്നത് ജനങ്ങള്‍ അതേറ്റെടുക്കുമ്പോഴാണ് ' എന്ന പഴയ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആശയങ്ങള്‍ തെരുവോരങ്ങളില്‍ നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. മതവര്‍ഗ്ഗീയതക്കെതിരായ സമരത്തിന്റെ ദൃഢീകരണത്തിന് നമ്മുടെ കാലം ഇത്തരം പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട് എന്നാണെന്റെ വിശ്വാസം.
'സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യന്‍' എന്ന പ്രമാണവാക്യമാണ് എക്കാലത്തും നീതിയുടെ അടിപ്പടവുകളിലൊന്ന് എന്നാണ് ഞാന്‍ കരുതുന്നത്. അത് നമ്മെ നമുക്കപ്പുറത്തേക്ക് കൂട്ടികൊണ്ടു പോകുന്നു. അപ്പോള്‍ നീതി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
ഏവരോടും സ്‌നേഹം.
18-Nov-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ