സുപ്രീംകോടതി വിധി ശബരിമലയിൽ നടപ്പിലാക്കിയ റെക്കോർഡ് ശശികല ടീച്ചർക്ക് സ്വന്തം

പത്തിനും അമ്പതിനും വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ചരിത്രപരമായ വിധി ശബരിമലയില്‍ നടപ്പിലാക്കിയതിന്റെ റെക്കോർഡ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചര്‍ക്ക് സ്വന്തം.

നാനൂറ് വര്‍ഷം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ മുംബൈ ഹൈക്കോടതിയില്‍ കേസ് നടത്തി വിധി സമ്പാദിച്ച് സ്ത്രീ പ്രവേശനം യാഥാര്‍ത്ഥ്യമാക്കിയ തൃപ്തി ദേശായി അടക്കമുള്ള സംഘപരിവാര്‍ അനുകൂലികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആക്റ്റിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മറ്റ് സ്ത്രീപക്ഷ പ്രവര്‍ത്തകരും ശ്രമിച്ചിട്ടും സാധിക്കാത്ത ശബരിമല സ്ത്രീ പ്രവേശനം ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ് കെ പി ശശികലയാണ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ശേഷം ആദ്യമായി ശബരിമലയില്‍ എത്തിയ 50 വയസ്സിനു താഴെയുള്ള സ്ത്രീ കെ പി ശശികലയാണെന്ന് അവരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് വ്യക്തമാവുന്നു. അധ്യാപികയായിരുന്ന ശശികല സർവീസിൽ നിന്നും വളണ്ടിയറി റിട്ടയർമെന്റ് എടുക്കുകയായിരുന്നു.

1968 നവംബര്‍ 4 ആണ് രേഖകള്‍ പ്രകാരം ശശികലയുടെ ജന്‍മദിനം.  ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന പ്രസിഡന്റായ ശശികല, ഇരുമുടിക്കെട്ടുമായി ശബരിമല കയറിയത് 2018 ഒക്ടോബര്‍ 19നാണ്. 50 വയസ് തികയുന്നതിന് മുമ്പാണ് ശശികല ശബരിമല കയറിയത്.

ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടെയാണ് 50 വയസ് തികയാത്ത വേളയില്‍ കെ പി ശശികല ടീച്ചര്‍ ശബരിമല കയറിയത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. കുറെക്കാലം കഴിയുമ്പോള്‍ 10നും 50നും വയസിനിടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമല കയറാനുള്ള അവസരം ലഭിച്ചപ്പോള്‍ ആദ്യമായി ശബരിമലയില്‍ കയറിയത് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായ ശശികല ടീച്ചറാണ് എന്ന് അവകാശപ്പെടാന്‍ വേണ്ടിയാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ അറിവോടെ കെ പി ശശികല ശബരിമല കയറിയത് എന്നാണ് അനുമാനിക്കാന്‍ കഴിയുന്നത്.  

 

 




18-Nov-2018