അമ്മ മരിച്ച് ഒരുവർഷം തികയുംമുൻപ് സുരേന്ദ്രൻ ഇരുമുടിക്കെട്ടു കെട്ടിയത് ആചാരലംഘനമെന്ന്‌ ഗുരുസ്വാമിമാർ

ശബരിമലയെ കലാപഭൂമിയാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ ഇന്നലെ മലകയറാനെത്തിയ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കടുത്ത ആചാരലംഘനമാണ് നടത്തുന്നതെന്ന് ഗുരുസ്വാമിമാര്‍.
സുരേന്ദ്രന്‍ പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന സമയത്താണ് ശബരിമലയിൽ നിന്നും തിരികെ വരുന്ന കോഴിക്കോട് സ്വദേശികളായ ഗുരുസ്വാമിമാര്‍ സുരേന്ദ്രന്റെ ആചാരലംഘനത്തെ പറ്റി തുറന്നടിച്ചത്.

കഴിഞ്ഞ ജൂലൈ മാസം 05-ാം തിയ്യതിയാണ് കെ സുരേന്ദ്രന്റെ അമ്മ നിര്യാതയായത്. യഥാര്‍ത്ഥ വിശ്വാസികള്‍ അമ്മ മരിച്ച് ഒരു കൊല്ലം കഴിഞ്ഞാല്‍ മാത്രമേ ശബരിമലയില്‍ ദര്‍ശനത്തിനായി പോവുകയുള്ളു. അതാണ് ആചാര മര്യാദ. എന്നാല്‍, സുരേന്ദ്രനാവട്ടെ അമ്മയുടെ മരണത്തെ തുടര്‍ന്ന് പാലിക്കേണ്ട ആചാര മര്യാദകള്‍ പാലിക്കാതെയാണ് പതിനെട്ടാംപടി ചവിട്ടിയത് എന്നാണ് ഗുരുസ്വാമിമാര്‍ പറയുന്നത്.

അമ്മ മരിച്ച് നാല്‍പ്പതാം നാള്‍ തികയും മുന്‍പെ ശബരിമലയെ കലാപഭൂമിയാക്കാനുള്ള ഗൂഡാലോചനകളില്‍ സുരേന്ദ്രന്‍ പങ്കാളിയായി എന്ന് തെളിയിക്കുന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല 50 വയസ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി എന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നതിന്റെ പിന്നാലെയാണ് കെ സുരേന്ദ്രനെ സംബന്ധിച്ചുള്ള ഗുരുസ്വാമിമാരുടെ പരാതിയും ഉയരുന്നത്.

സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത കോടതി, അമ്മയുടെ മരണത്തെ പറ്റിയും ആചാരത്തെപ്പറ്റിയും ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സുരേന്ദ്രന് സാധിച്ചില്ലെന്നും സൂചനകളുണ്ട്. കാലങ്ങളായി ശബരിമലയിൽ നിലവിലിരിക്കുന്ന ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വിശ്വാസികളെന്നുള്ള പേരില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കലാപത്തിന് ശ്രമിക്കുന്നതെന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.       

18-Nov-2018