ശിഖണ്ഡിയെപ്പോൽ, അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയില്‍!

ശിഖണ്ഡിയെ മുന്‍നിര്‍ത്തി നടത്തിയ മഹാഭാരത യുദ്ധം പോലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മുന്നില്‍ നിര്‍ത്തി ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് ബിജെപിനേതൃത്വം ഇന്ന് ശബരിമലയില്‍ ശ്രമിക്കുന്നത്.

സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി പത്തിനും അമ്പതിനും വയസിനിടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാണ്. വിശ്വാസികളായ സ്ത്രീകള്‍ വരുന്നുണ്ടെങ്കില്‍ സംരക്ഷണം നല്‍കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യപരമായ നിലപാടിനെ പൊതുജനസമക്ഷം തെറ്റിദ്ധരിപ്പിക്കുന്ന പരിപാടികളുമായാണ് ആര്‍എസ്എസ്, ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നത്. ഭരണഘടനാസൃതം പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനോ, മറ്റ് സംസ്ഥാനങ്ങളിലെ എം എല്‍ എ മാര്‍ക്കോ സന്നിധാനത്ത് പോകുന്നതിന് ഒരു വിലക്കുമില്ല. ഇന്നലെ കോണ്‍ഗ്രസിന്റെ മൂന്ന് എം എല്‍ എമാര്‍ സന്നിധാനത്ത് പോയത് എന്തെങ്കിലും അനുവാദം തേടിയായിരുന്നില്ല. അവര്‍ സുഗമമായി സന്നിധാനത്ത് എത്തുകയും സ്വാമി അയ്യപ്പനെ തൊഴുതുമടങ്ങുകയും ചെയ്തു.

മൂന്ന് ദിവസമായി ഒന്നരലക്ഷം ഭക്തന്‍മാരാണ് ശബരിമലയിലേക്ക് എത്തിയത്. അവിടെ നിന്നും ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് വെറും രണ്ട് സംഘികളാണ്. ശശികലയും സുരേന്ദ്രനും സന്നിധാനത്ത് എത്തിയത് കലാപമുണ്ടാക്കാനാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് അവരെ അറസ്റ്റ് ചെയ്തത്. സ്വന്തം അമ്മ മരിച്ച് ഒരു വര്‍ഷം കഴിയും മുമ്പ് ശബരിമലയിലെത്തിയ കെ സുരേന്ദ്രന്റെ നടപടി കടുത്ത ആചാരലംഘനമാണെന്ന വസ്തുതയും ഇതിനിടെ പുറത്തുവന്നു.

ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയലാഭം നേടാനുള്ള ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിന്റെ ഓരോ അജണ്ടകളും പൊളിഞ്ഞുപോകുമ്പോഴാണ് ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയുള്ള മഹാഭാരത യുദ്ധരീതിയെ ഓര്‍മിപ്പിക്കും വിധത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ശബരിമലയില്‍ ഇറക്കുന്നത്.    

19-Nov-2018