തപാൽ വകുപ്പ് നടത്തുന്ന ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം വേണമെന്ന ആവശ്യവുമായി ബിഎംഎസ്

തപാൽ വകുപ്പ് നടത്തുന്ന ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം വേണമെന്ന വിചിത്ര ആവശ്യവുമായി ബിഎംഎസ്. ആവശ്യം തള്ളണമെന്ന വാദവുമായി ഇടത് വലത് സംഘടനകൾ രംഗത്ത്. പൊതുമേഖലാ സ്ഥാപനത്തിന്റെ ഔദ്യോഗിക ആഘോഷങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണിതെന്ന് ആരോപിച്ച് ഇടത്-വലത് തൊഴിലാളി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

തപാൽ വകുപ്പിലെ വിവിധ ഓഫീസുകളിൽ നടക്കാനിരിക്കുന്ന ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ ഗണഗീതം ആലപിക്കണമെന്നാണ് ബി.എം.എസ് അനുകൂല സംഘടനയായ പോസ്റ്റൽ എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതീയ സംസ്കാരം ഉയർത്തിപ്പിടിക്കാനാണ് ഇത്തരം നീക്കമെന്നാണ് ഇവരുടെ വാദം.

എന്നാൽ, മതസൗഹാർദ്ദത്തിന്റെ ഭാഗമായി നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളിൽ രാഷ്ട്രീയ സ്വഭാവമുള്ള ഗീതങ്ങൾ അടിച്ചേൽപ്പിക്കുന്നത് വിചിത്രമാണെന്ന് മറ്റു സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. തപാൽ വകുപ്പ് പോലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ഇത്തരം വർഗ്ഗീയ – രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. കേക്ക് മുറിച്ചും കരോൾ ഗാനങ്ങൾ ആലപിച്ചും എല്ലാ വിഭാഗം ജീവനക്കാരും ഒത്തുചേരുന്ന ക്രിസ്മസ് ആഘോഷത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് ബി.എം.എസ് ശ്രമിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.

17-Dec-2025