തിരിച്ചടികളിൽ നിന്ന് ഇരട്ടിശക്തിയോടെ തിരിച്ചുവരാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം ലഭിച്ചുവെങ്കിലും എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും എന്നാൽ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശി എന്ന വലതുപക്ഷ മാധ്യമ ആഖ്യാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പത്ത് വർഷമായി ഭരിക്കുന്ന എൽഡിഎഫിന് വോട്ട് കുറഞ്ഞെങ്കിലും, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും അടിത്തറ ഭദ്രമാണെന്ന് തെളിയിക്കാനും ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു. 58 മുതൽ 64 നിയമസഭാ മണ്ഡലങ്ങളിൽ വരെ എൽഡിഎഫ് മുൻതൂക്കം തിരിച്ചുപിടിച്ചത് തുടർഭരണത്തിനുള്ള സാധ്യതകളെ ഉറപ്പിക്കുന്നു.

യുഡിഎഫ് പലയിടത്തും മുന്നിലെത്തിയെങ്കിലും നിർണ്ണായകമായ ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഏഴ് വീതം ജില്ലകളിൽ വിജയിച്ച് ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ തവണ 19 ലോക്‌സഭാ സീറ്റുകളിൽ തോറ്റ എൽഡിഎഫിന് ഈ തിരിച്ചുവരവ് വലിയ നേട്ടമാണ്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വർഗീയ ശക്തികളുമായും ബിജെപിയുമായും ചേർന്ന് എൽഡിഎഫിനെ തോൽപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. 400ഓളം തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടായിട്ടും എൽഡിഎഫ് മികച്ച പ്രതിരോധം തീർത്തു. വിശ്വാസിസമൂഹം എൽഡിഎഫിന് എതിരാണെന്ന പ്രചാരണം തെറ്റാണെന്ന് ശബരിമല, ഗുരുവായൂർ, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളിലെ എൽഡിഎഫ് വിജയം തെളിയിക്കുന്നു.

കേന്ദ്ര ഭരണത്തിന്റെ സ്വാധീനവും പണക്കൊഴുപ്പും ഉണ്ടായിട്ടും ബിജെപിക്ക് കേരളത്തിൽ വലിയ മുന്നേറ്റം നടത്താനായില്ല. തൃശൂർ കോർപറേഷനിലും ബിജെപി ഭരിച്ചിരുന്ന പന്തളം മുനിസിപ്പാലിറ്റിയിലും അവർക്ക് തിരിച്ചടി നേരിട്ടു. ബിജെപിയെ കേരളത്തിൽ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ്. മലപ്പുറം ജില്ലയിൽ 10 ലക്ഷത്തിലധികം വോട്ടുകൾ എൽഡിഎഫ് നേടിയത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുള്ള സ്വാധീനം വർധിച്ചതിന്റെ തെളിവാണ്. വർഗീയതയെ എതിർക്കുന്നത് മതത്തെ എതിർക്കലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരിച്ചടികളിൽ നിന്ന് ഇരട്ടിശക്തിയോടെ തിരിച്ചുവരാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

18-Dec-2025