രണ്ട് തവണ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചപ്പോഴും അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നൽകിയിരുന്നു
അഡ്മിൻ
ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ താൽക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷമുള്ള ജനുവരി ഏഴിലേക്ക് മാറ്റി. അതുവരെ എംഎൽഎയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിൾ ബെഞ്ച് നീട്ടിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ രണ്ട് തവണ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചപ്പോഴും അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നൽകിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
അതിജീവിതയുടെ പരാതിയിൽ തനിക്കെതിരെ ചുമത്തിയ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നാണ് രാഹുലിന്റെ വാദം. പരാതിക്കാരി ആദ്യം പോലീസിനെ സമീപിക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് പരാതി നൽകിയത് നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും, ആരോപണങ്ങളിൽ അന്വേഷണ സംഘത്തിന് കൃത്യമായ മറുപടി നൽകാൻ തയ്യാറാണെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടാഴ്ചത്തോളം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ വോട്ട് ചെയ്യാനായി പുറത്തെത്തിയിരുന്നു.