പാറാട് സിപിഐ എം ഓഫീസിൽ തീയിട്ട സംഭവത്തിൽ എട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ പാറാട് സിപിഐ എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തീയിട്ട സംഭവത്തിൽ എട്ട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യാസിൻ, ജാസിം എന്നിവരടക്കം തിരിച്ചറിയാവുന്നവരും കണ്ടാലറിയാത്തവരുമായ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന ടൗൺ ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഓഫീസിലുണ്ടായിരുന്ന കൊടികൾ, തോരണങ്ങൾ, നേതാക്കളുടെ ചിത്രങ്ങൾ, കസേരകൾ എന്നിവ കത്തി നശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഓഫീസിനുള്ളിൽ പെട്രോൾ ഒഴിച്ച് തീയിട്ടതായാണ് എഫ്‌ഐആറിൽ പറയുന്നത്.

23-Dec-2025