ബിജെപി ഭരണസമിതിയുടെ പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഓഫീസ് മാറ്റണമെന്ന ആവശ്യം ഉയരുന്നത്: വികെ പ്രശാന്ത്

തിരുവനന്തപുരം കോർപ്പറേഷനിലെ ഓഫീസ് മുറി ഒഴിയണമെന്ന ആവശ്യത്തിനും കെ.എസ്. ശബരിനാഥന്റെ വിമർശനങ്ങൾക്കും മറുപടിയുമായി വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത്. ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

വി.കെ. പ്രശാന്തിന്റെ വിശദീകരണം

ബിജെപി ഭരണസമിതിയുടെ പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഓഫീസ് മാറ്റണമെന്ന ആവശ്യം ഉയരുന്നത്. ഇതിന് ശബരിനാഥനെപ്പോലൊരാൾ കൂട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എ ഹോസ്റ്റലിൽ തനിക്ക് മുറിയുണ്ടെന്നത് ശരിയാണ്. എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് അനുവാദത്തിനായി കാത്തുനിൽക്കാതെ ഏതു സമയത്തും കടന്നുവരാൻ കഴിയുന്ന സൗകര്യം പരിഗണിച്ചാണ് ശാസ്തമംഗലത്ത് ഓഫീസ് പ്രവർത്തിപ്പിക്കുന്നത്.

കഴിഞ്ഞ ഏഴു വർഷമായി ഈ ഓഫീസ് സുഗമമായി പ്രവർത്തിക്കുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഇടമാണിത്. ഇത്തരം രാഷ്ട്രീയ തിട്ടൂരങ്ങൾക്ക് മുന്നിൽ ശിരസ്സ് കുനിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 31 വരെയുള്ള വാടക തുക മുൻകൂട്ടി അടച്ചിട്ടുണ്ടെന്നും ആ കാലാവധിക്ക് ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കുമെന്നും പ്രശാന്ത് ആവർത്തിച്ചു.

29-Dec-2025