കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം: സർക്കാരുമായി ചേർന്ന് നിർമാണം: കെസിഎ

സർക്കാരുമായി ചേർന്ന് കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനം. കാര്യവട്ടം സ്റ്റേഡിയം ദീർഘകാല പാട്ടത്തിന് എടുക്കാനും, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമിക്കാനും കെസിഎ തീരുമാനിച്ചു. കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

തിരുവനന്തപുരംയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിന്റെ കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനും താരങ്ങളുടെ ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരു വർഷത്തെ സമഗ്ര വികസന പ്രവർത്തനപദ്ധതിയും കെസിഎ പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീമിന്റെ അടിസ്ഥാനത്തിലും ഭൂനിയമത്തിൽ അനുവദിച്ച പ്രത്യേക ഇളവുകളും പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികളാണ് അസോസിയേഷൻ വിഭാവനം ചെയ്യുന്നത്. 14 ജില്ലകളിലും ഏകീകൃത നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകളും പരിശീലന കേന്ദ്രങ്ങളും, അത്യാധുനിക പ്ലെയർ അമെനിറ്റീസും ഒരുക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധമായി മറ്റ് കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും.

സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം പ്രഖ്യാപിക്കുകയും ഭൂനിയമത്തിൽ ഇളവുകൾ അനുവദിക്കുകയും ചെയ്ത സർക്കാരിനെയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, കായിക മന്ത്രി എന്നിവരെയും കെസിഎ അഭിനന്ദിച്ചു.

മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്റർ ക്രിക്കറ്റിനും ഫുട്ബോളിനും മറ്റ് കായിക ഇനങ്ങൾക്കും ഉപയോഗിക്കാൻ സജ്ജീകരിക്കുന്ന പദ്ധതിക്ക് അംഗീകാരം നേടുന്നതിനായി സർക്കാരുമായി തുടർചർച്ചകൾ നടത്താൻ ഭാരവാഹികളെ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അറിയിച്ചു. വനിതാ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ ആരംഭിക്കുമെന്നും, സ്ഥിരമായ മത്സരാവസരങ്ങളിലൂടെ കരുത്തുറ്റ വനിതാ ക്രിക്കറ്റ് സംഘത്തെ രൂപപ്പെടുത്താനാകുമെന്നും സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.

29-Dec-2025