മീഡിയ വണ്ണിന്റെ വ്യാജ വാർത്തക്കെതിരെ മന്ത്രി പി രാജീവ്

എംഎൽഎ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ഓഫീസ് മുറി ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ച കള്ളപ്രചാരണങ്ങൾക്കെതിരെ മന്ത്രി പി. രാജീവ് ശക്തമായി പ്രതികരിച്ചു. ആവർത്തിച്ച് നടക്കുന്നത് നുണപ്രചാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി നിലപാട് വ്യക്തമാക്കിയത്.

എംഎൽഎമാരുടെ പ്രതിമാസ അലവൻസിനെക്കുറിച്ച് തെറ്റായ കണക്കുകൾ നിരത്തി ബിജെപി പ്രചരിപ്പിച്ച പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായും, ഇതിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. വസ്തുതകൾ മറച്ചുവെച്ച് കള്ളവിവരങ്ങൾ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായാണെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, യലഹങ്കയിൽ വീടുകൾ നഷ്ടപ്പെട്ടവരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ സന്ദർശിച്ച സംഭവവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ നൽകിയ തെറ്റായ വാർത്തകൾക്കെതിരെയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ദുരന്തബാധിതരുടെ വേദനയെ പോലും രാഷ്ട്രീയ ആയുധമാക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായ വാർത്തകളും കള്ളപ്രചാരണങ്ങളും ആവർത്തിച്ച് പ്രചരിപ്പിക്കുന്ന പ്രവണത ജനാധിപത്യത്തിന് ഹാനികരമാണെന്നും, സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടെന്നും മന്ത്രി പി. രാജീവ് തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.:

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവർത്തി പല വേഷത്തിൽ ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എംഎൽഎ ഓഫീസിനായി എംഎൽഎമാർക്ക് 25000 രൂപ അലവൻസ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയിൽ നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ കള്ളം. സത്യത്തിൽ അങ്ങനൊരു അലവൻസ് എംഎൽഎമാർക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവൻസും എംഎൽഎമാർക്ക് നൽകുന്ന നാടുകളിലൊന്ന് കേരളമാണ്. മാസ അലവൻസും മണ്ഡലം അലവൻസും യാത്രാ അലവൻസും ടെലിഫോൺ അലവൻസും ഇൻഫർമേഷൻ അലവൻസും മറ്റ് അലവൻസുകളും ചേർത്ത് 70000 രൂപയാണ് ഇവർക്ക് ലഭിക്കുക.

ഇതുവച്ചാണ് മണ്ഡലത്തിലെ എല്ലാ പരിപാടികൾക്കും പങ്കെടുക്കുന്നതും ചെറിയ സഹായങ്ങൾ ഉറപ്പ് വരുത്തുന്നതും ജീവിതച്ചിലവ് വഹിക്കുന്നതും ഓഫീസുൾപ്പെടെ നടത്തിക്കൊണ്ടുപോകുന്നതും. എന്നാൽ ബിജെപി ഫാക്ടറിയിൽ നിന്ന് മുട്ടയിട്ട നുണകൾ പെറ്റുപെരുകിക്കൊണ്ടേയിരിക്കുകയാണ്. അവർക്ക് സത്യം പറഞ്ഞുള്ള ജീവിതം അസാധ്യമാണ്.


മറ്റൊന്ന് മീഡിയ വണ്ണിന്റെ വാർത്തയാണ്. കർണാടകയിലെ യലഹങ്കയിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ കേരളത്തിലെ നേതാക്കൾ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കർണാടകയിലെ സിപിഐഎം അറിയിച്ചു എന്നാണ് മീഡിയ വൺ വാർത്ത. ബുൾഡോസർ രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാൻ ഇത്രയും ഹീനമായി രംഗത്തിറങ്ങാൻ എങ്ങനെ സാധിക്കുന്നു എന്നേ ചോദിക്കാനുള്ളൂ. ആ വാർത്ത നുണയാണെന്ന പ്രസ്താവന സിപിഐഎം കർണാടക സംസ്ഥാന സെക്രട്ടറി തന്നെ പുറത്തിറക്കിയ സ്ഥിതിക്ക് ഖേദപ്രകടനം നടത്തുക എന്ന മര്യാദയെങ്കിലും നുണ പ്രചരിപ്പിച്ച മാധ്യമങ്ങൾ കാണിക്കണം.

30-Dec-2025