ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിൽ എൻഎസ്‌യുഐക്ക് തിരിച്ചടി; റിപ്പോർട്ട് തേടി രാഹുൽ ഗാന്ധി
അഡ്മിൻ
ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ (DUSU) തിരഞ്ഞെടുപ്പിൽ എൻഎസ്‌യുഐക്ക് ഉണ്ടായ കനത്ത പരാജയത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലവും സ്ഥാനാർഥി നിർണയ പ്രക്രിയയുമടക്കമുള്ള വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് അദ്ദേഹം നിർദേശിച്ചതായാണ് വിവരം.
തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ സ്വന്തമാക്കി എബിവിപി മികച്ച മുന്നേറ്റമാണ് നടത്തിയത്. എബിവിപി സ്ഥാനാർഥി യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൻഎസ്‌യുഐ സ്ഥാനാർഥി വിജയ് മീണയെ പരാജയപ്പെടുത്തി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്ര സ്ഥാനാർഥിയായ ദീപാൻഷു ഷൗകീനാണ്. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് എൻഎസ്‌യുഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷുവിന്റെ വിജയം സംഘടനയ്ക്കുള്ളിലെ അസംതൃപ്തിയും ചർച്ചയാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി എൻഎസ്‌യുഐ രംഗത്തെത്തി. എബിവിപി വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും തിരിച്ചറിയൽ കാർഡുകൾ പിടിച്ചുവെക്കുകയും ചെയ്തതായി എൻഎസ്‌യുഐ സ്ഥാനാർഥി വിജയ് മീണ ആരോപിച്ചു. തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ, സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകൾ, സംഘടനാ പ്രവർത്തനത്തിലെ പോരായ്മകൾ എന്നിവ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം വിശദമായ വിലയിരുത്തൽ നടത്തുമെന്നാണ് സൂചന.