അജിത്തുമായുള്ള കൂടിക്കാഴ്ചയിൽ തെറ്റില്ല; വിജയിന് പിന്തുണയുമായി പ്രകാശ് രാജ്

തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തിയ വിദേശ സന്ദർശനത്തെയും നടൻ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. ഈ വിഷയങ്ങളിൽ തെറ്റൊന്നും കാണുന്നില്ലെന്നും സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ ഇനിയും സമയം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. അധികാരത്തിലേറി വെറും 120 ദിവസം മാത്രമായ സർക്കാരിനെ ഇത്ര പെട്ടെന്ന് വിലയിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറഞ്ഞത് ഒരു വർഷമെങ്കിലും സർക്കാരിന് പ്രവർത്തിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിജയ് പിന്തുണച്ച് വോട്ട് ചെയ്തവർക്കു മാത്രമല്ല, വോട്ട് ചെയ്യാത്തവർക്കും മുഖ്യമന്ത്രിയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതുവരെ കാത്തിരിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വർഷത്തിന് ശേഷവും പ്രതീക്ഷിച്ച രീതിയിൽ സർക്കാർ പ്രവർത്തിച്ചില്ലെങ്കിൽ താൻ തന്നെ ചോദ്യങ്ങൾ ഉയർത്തുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. വിദേശയാത്രയെ വിമർശിക്കുന്നതിന് പകരം അതിന്റെ ലക്ഷ്യം കൈവരിച്ചോയെന്നതാണ് വിലയിരുത്തേണ്ടതെന്നും, യാത്രയിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിച്ചതായി വിജയ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

22-Sep-2026