‘വോട്ടിന് പണം നൽകുന്നത് ടിവികെ’; വിജയ് സർക്കാരിനെതിരെ സിപിഐ എം ആരോപണം

തമിഴ്നാട്ടിലെ മധുരന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ടിവികെ വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐ(എം) രംഗത്ത്. ഒക്ടോബർ 6-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ആരോപണം ഉന്നയിച്ചത്.

വോട്ടിന് പണം വിതരണം ചെയ്യുന്ന പാർട്ടികളുടെ പട്ടികയിൽ ടിവികെയാണ് മുന്നിലുള്ളതെന്ന് ഷൺമുഖം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധുരന്തകം മണ്ഡലത്തിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് വോട്ടർമാരുമായി സംസാരിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

“മറ്റ് പാർട്ടികൾ വോട്ടിന് പണം നൽകുമ്പോൾ സിപിഐ(എം) ലഘുലേഖകൾ മാത്രമാണ് നൽകുന്നത്” എന്നാണ് വോട്ടർമാർ പറഞ്ഞതെന്ന് ഷൺമുഖം അവകാശപ്പെട്ടു. ഏത് പാർട്ടിയാണ് കൂടുതൽ പണം നൽകുന്നതെന്ന് ചോദിച്ചപ്പോൾ ടിവികെയുടെ പേരാണ് കൂടുതൽ പേർ പരാമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് തന്റെ പാർട്ടിയെ വോട്ടിന് പണം നൽകാത്ത ‘ശുദ്ധ രാഷ്ട്രീയ ശക്തി’യായി അവതരിപ്പിച്ചിരുന്നുവെന്ന് ഷൺമുഖം ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ലഭിക്കുന്ന പ്രതികരണങ്ങൾ അതിന് വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

രണ്ട് മണ്ഡലങ്ങളിലും വൻതോതിൽ പണം വിതരണം നടക്കുന്നുണ്ടെന്നും ഇത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു. വിഷയത്തിൽ ഔദ്യോഗിക പരാതി സമർപ്പിക്കുമെന്നും ഷൺമുഖം വ്യക്തമാക്കി.

മധുരന്തകത്ത് പി. സുഗന്ധിയെയും ധാരാപുരത്ത് പി. ലക്ഷ്മണനെയുമാണ് യഥാക്രമം സിപിഐ(എം), സിപിഐ സ്ഥാനാർഥികളായി രംഗത്തിറക്കിയിരിക്കുന്നത്. ടിവികെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന ഇടതുപാർട്ടികൾ, ഉപതിരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായാണ് മത്സരിക്കുന്നത്.

04-Oct-2026