വാട്സ്ആപ്പിൽ രാജി, പിന്നെ ഡിലീറ്റ്; ശ്രീലേഖയുടെ നിലപാട് മാറ്റം ചർച്ചയാകുന്നു

തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ. ശ്രീലേഖയുടെ രാജി പ്രഖ്യാപനവും അതിവേഗ പിൻവലിക്കലും ബിജെപിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചു. വലിയ രാഷ്ട്രീയ വിവാദമായി മാറിയ രാജി നാടകത്തിനൊടുവിൽ പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ശ്രീലേഖ തീരുമാനം പിൻവലിക്കുകയായിരുന്നു.

സ്വകാര്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി ആർ. ശ്രീലേഖ നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് നൽകിയ കത്തിന്റെ വിവരവും 'കൗൺസിലർ അറിയിപ്പ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പൊതുവിൽ പങ്കുവെച്ചിരുന്നു. ജില്ലാ കളക്ടർക്ക് രാജിക്കത്ത് കൈമാറുമെന്നും അറിയിച്ച ശ്രീലേഖ, സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയ സന്ദേശവും പങ്കുവെച്ചിരുന്നു.

എന്നാൽ രാജി വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ നിലപാട് മാറ്റിയതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായത്. പാർട്ടി നേതൃത്വം അനുനയ ചർച്ചകൾ നടത്തിയതോടെയാണ് ശ്രീലേഖ പിൻമാറിയതെന്നാണ് വിവരം. തുടർന്ന് വാട്സ്ആപ്പിൽ പങ്കുവെച്ച രാജി സന്ദേശവും നീക്കം ചെയ്തു.

ശ്രീലേഖയുടെ രാജിയെക്കുറിച്ച് മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന മേയർ വി.വി. രാജേഷിന്റെയും ഡെപ്യൂട്ടി മേയർ പി.കെ. ആശാനാഥിന്റെയും പ്രതികരണവും വിവാദത്തിന് ആക്കം കൂട്ടി. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുടെയും നേതൃത്വവുമായി ബന്ധപ്പെട്ട അതൃപ്തികളുടെയും പ്രതിഫലനമായാണ് രാജി പ്രഖ്യാപനം വിലയിരുത്തപ്പെട്ടത്.

രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാതെ മേയറിന് കൈമാറിയതും തുടർന്നുണ്ടായ പിൻവാങ്ങലും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതൃത്വത്തിന്റെ ഇടപെടലിലൂടെ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചെങ്കിലും, സംഭവവികാസങ്ങൾ പാർട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കുകയാണ്.

04-Oct-2026