പ്രതിപക്ഷനേതാവിന്റെ കത്തിൽ സംസ്ഥാന പൊലീസ്‌ മേധാവി നിയമോപദേശം തേടി

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌  ഒരു ഐ ഫോൺ സമ്മാനിച്ചെന്ന യൂണിടാക്‌ ഉടമയുടെ വെളിപ്പെടുത്തലിൽ മുഖംരക്ഷിക്കാൻ  ശ്രമം. ഫോൺ വാങ്ങിയില്ലെന്നും  കോൺസുലേറ്റ്‌ സംഘടിപ്പിച്ച യുഎഇ വാർഷികാഘോഷ ചടങ്ങിൽ സമ്മാനമായി ഫോൺ വിതരണം ചെയ്യുകയായിരുന്നുവെന്നുമാണ്‌ ചെന്നിത്തലയുടെ വാദം. തന്റെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി ഹബീബ്‌ഖാന്‌ വാച്ച്‌ സമ്മാനമായി ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനിടെ മൊബൈൽ ഫോൺ ലഭിച്ചവരെ‌ കണ്ടെത്താനാവശ്യപ്പെട്ട്‌‌ ചെന്നിത്തല പൊലീസ്‌ മേധാവിക്ക്‌ കത്ത്‌ നൽകി.

തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച  യുഎഇയുടെ വാർഷികാഘോഷത്തിലാണ്‌ നറുക്കെടുപ്പും വിജയികൾക്ക്‌  ഫോൺ വിതരണവും നടന്നത്‌.  അസിസ്‌റ്റന്റ്‌ പ്രോട്ടോകോൾ ഓഫീസർ രാജീവനാണ്‌ ഒരു വിജയി. അതിൽ തെറ്റില്ല. ഇതോടൊപ്പം വാച്ചും വിമാന ടിക്കറ്റും നൽകിയിട്ടുണ്ട്‌. അതിലൊരു വാച്ചാണ്‌ ഹബീബ്‌ഖാന്‌ ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ കത്തിൽ സംസ്ഥാന പൊലീസ്‌ മേധാവി നിയമോപദേശം തേടി.

യൂണിടാക്‌ എംഡി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ്‌ സ്വപ്‌ന സുരേഷിന്‌ അഞ്ച്‌ ഐഫോൺ വാങ്ങി നൽകിയെന്നും  അതിലൊന്ന്‌ ചെന്നിത്തലയ്‌ക്ക്‌ നൽകിയെന്നും പറഞ്ഞത്‌.

രാഹുലിനെയും മറന്നു
എൽഡിഎഫ്‌ സർക്കാരിനെതിരെ കള്ളക്കഥകൾ വിളിച്ചുപറയാൻ ആവേശം കാണിച്ച പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല യുപിയിൽ രാഹുൽഗാന്ധിയെ ആക്രമിച്ചതിനെക്കുറിച്ച്‌ വാർത്താ സമ്മേളനത്തിൽ ഒരക്ഷരം പറഞ്ഞില്ല. ഹാഥ്‌രസിൽ ദളിത്‌പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട‌ വിഷയത്തിൽ കോൺഗ്രസ്‌ പ്രക്ഷോഭം നടത്തുമ്പോൾ സംഭവത്തെ അപലപിക്കാനും ഒരു മണിക്കൂർനീണ്ട വാർത്താസമ്മേളനത്തിൽ അദ്ദേഹം തയ്യാറായില്ല.

ശനിയാഴ്‌ച പകൽ 11നായിരുന്നു‌ ചെന്നിത്തലയുടെ വാർത്താസമ്മേളനം‌. കഴിഞ്ഞ ദിവസം ഹാഥ്‌രസിലേക്ക്‌ പോയ രാഹുൽഗാന്ധിയെ യുപി പൊലീസ്‌ തടയുകയും തള്ളിയിടുകയും ചെയ്‌തിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ഈ സംഭവത്തിൽ പ്രതിഷേധിച്ചു. എന്നാൽ, പ്രതിപക്ഷനേതാവ്‌  മൗനം പാലിച്ചു. സർക്കാരിനെതിരായ സമരങ്ങളിൽ ബിജെപിക്കൊപ്പം ചേർന്ന ചെന്നിത്തല ആ ബന്ധത്തിന്റെ പേരിൽ ദേശീയ നേതാവിനെയും കൈവിടുകയായിരുന്നു.

 

04-Oct-2020