നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ യുഎപിഎ വകുപ്പുകൾപ്രകാരം പ്രതികളിൽ ചുമത്തിയ കുറ്റങ്ങൾ സ്ഥാപിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ എൻഐഎയോട് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകി. സ്വർണക്കടത്തിന് പണം നൽകി പങ്കാളികളായ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എൻഐഎയെ രൂക്ഷമായി വിമർശിച്ചുള്ള കോടതിയുടെ വാക്കാൽ പരാമർശം. കേസ്‌ഡയറി അടിയന്തരമായി ഹാജരാക്കാനും ആവശ്യപ്പെട്ടു. യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങൾ സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ എത്രയുംവേഗം എൻഐഎ ഹാജരാക്കണം.
സ്വർണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെയും അവരുടെ ബന്ധങ്ങളുടെയും വിവരങ്ങൾ നൽകണം. കേസ്ഡയറിയിൽ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് നൽകണം.സ്വർണം കടത്താൻ പണം നൽകിയ കുറ്റത്തിന് അറസ്‌റ്റിലായ പ്രതികളുടെ പേരിലും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ നിയമ (യുഎപിഎ) പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും ഇതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. സ്വർണക്കടത്തിൽ നേരിട്ട് പങ്കാളിയായവരും ഗൂഢാലോചനയിൽ പങ്കെടുത്തവരും ലാഭം ലക്ഷ്യമിട്ട് പണം മുടക്കിയവരുമുണ്ട്. എല്ലാവരുടെയും പേരിൽ ഒരേ കുറ്റം ചാർത്താനാകില്ല. അന്വേഷണ ഏജൻസികൾ യുഎപിഎ പ്രകാരം ലാഘവത്തോടെ കുറ്റം ചുമത്തിയിരിക്കുകയാണ്–- പ്രതിഭാഗം പറഞ്ഞു.
സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഭീകര പ്രവർത്തനത്തിന് ഉപയോഗിച്ചത് സ്ഥാപിക്കുന്ന തെളിവുകളുണ്ടോയെന്ന് സ്വപ്‌നയുടെ ജാമ്യാപേക്ഷ മുമ്പ് പരിഗണിച്ചപ്പോഴും കോടതി ചോദിച്ചിരുന്നു. ചൊവ്വാഴ്‌ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ അസിസ്‌റ്റന്റ് സോളിസിറ്റർ ജനറൽതന്നെ കോടതിയിൽ ഹാജരായേക്കും. എൻഐഎ കേസുകളിൽ അറസ്‌റ്റിലാകുന്നവർക്ക് 180 ദിവസം കഴിഞ്ഞാൽ ജാമ്യത്തിന് അർഹതയുണ്ട്. തെളിവുകളുടെ അഭാവത്തിൽ അത് നേരത്തേ നൽകേണ്ടിവരുമെന്നാണ് ഇപ്പോൾ കോടതി അറിയിച്ചിട്ടുള്ളത്.