മുതലാളിത്തത്തെ തള്ളി മാർപ്പാപ്പ
അഡ്മിൻ
കോവിഡ് മഹാവ്യാധിയോടെ, മൂലധന വിപണിയുടെ മാന്ത്രിക സിദ്ധാന്തങ്ങൾ പരാജയപ്പെട്ടെന്നു തെളിഞ്ഞതായി തന്റെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’(എല്ലാവരും സഹോദരർ)യിൽ ഫ്രാൻസിസ് മാർപാപ്പ വിശദീകരിക്കുന്നു. സംവാദവും ഐകമത്യവും പ്രോത്സാഹിപ്പിക്കുകയും യുദ്ധം എന്തുവിലകൊടുത്തും ഒഴിവാക്കുകയും ചെയ്യുന്ന ഒരു പുതിയ രാഷ്ട്രീയമാണു ലോകത്തിന് ഇനി ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കബറിടത്തിൽ ദിവ്യബലി അർപ്പിച്ചശേഷമാണു മാർപാപ്പ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത്. ഇന്നലെ അദ്ദേഹം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയ്ക്കുശേഷം ചാക്രികലേഖനം പരിചയപ്പെടുത്തി.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സാഹോദര്യ സങ്കല്പത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു മാർപാപ്പ തയാറാക്കിയിരിക്കുന്ന ചാക്രിക ലേഖനത്തിൽ, കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ എടുത്തുപറയുന്നുണ്ട്.
പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയും സന്പന്നരെ വീണ്ടും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന തലതിരിഞ്ഞ ആഗോള സാന്പത്തിക വ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനം മാർപാപ്പ ആവർത്തിക്കുന്നു.
രാഷ്ട്രീയവും സാന്പത്തികവുമായ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതേണ്ടതാണെന്ന തന്റെ വിശ്വാസം, കോവിഡ് മഹാവ്യാധിയോടെ അരക്കിട്ടുറപ്പിക്കപ്പട്ടു. വിപണിക്കു സ്വാതന്ത്ര്യം നല്കി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്നു വ്യക്തമായി. ഭൂമി നല്കുന്ന വിഭവങ്ങൾ പങ്കുവയ്ക്കുന്പോൾ സമൂഹത്തിന്റെ നന്മയാണു കണക്കിലെടുക്കേണ്ടത്; വ്യക്തികൾക്കു വസ്തുക്കളിൽ പരമാധികാരമുണ്ടെന്ന സങ്കല്പം തള്ളിക്കളയണം.
കുടിയേറ്റക്കാരെയും അഭയാർഥികളെയും സ്വാഗതം ചെയ്തു സ്വീകരിക്കേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുന്നു. അനുകന്പയുടെ സന്ദേശം വിശദീകരിക്കാനായി ‘നല്ല സമരിയാക്കാരന്റെ’ ഉപമയ്ക്കായി ഒരു അധ്യായം തന്നെ ചാക്രികലേഖനത്തിൽ മാറ്റിവച്ചിരിക്കുന്നു.
പ്രതിരോധത്തിനുവേണ്ടി യുദ്ധമാകാമെന്ന കാഴ്ചപ്പാടും മാർപാപ്പ തിരുത്തുന്നുണ്ട്.
06-Oct-2020
ന്യൂസ് മുന്ലക്കങ്ങളില്
More