ജി എ ഡി സെക്ഷൻ തീപിടുത്തം : വിവാദമുണ്ടാക്കാൻ മാധ്യമപ്രവർത്തകരും കെ സുരേന്ദ്രനും ഗൂഢാലോചന നടത്തി.

സെക്രട്ടേറിയറ്റിലെ തീപിടിത്തം വീണ്ടും വിവാദമാക്കാൻ മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ ബിജെപി ശ്രമം. രാവിലെ മാധ്യമങ്ങൾ നൽകിയ വാർത്ത ഏറ്റുപിടിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മാധ്യമങ്ങളെ കാണുകയും സെക്രട്ടറിയേറ്റ് തീപിടുത്തം വിവാദമാക്കാൻ ശ്രമിക്കുകയും ചെയ്തു.

കോടതിയിൽ സമർപ്പിച്ച പൂർത്തിയാവാത്ത ഫോറൻസിക് റിപ്പോർട്ട് ഉപയോഗിച്ചാണ് മാധ്യമ പ്രവർത്തകരും ബി ജെ പി നേതൃത്വവും ഗൂഢാലോചന നടത്തി വിവാദം ഉണ്ടാക്കാൻ ശ്രമിച്ചത്. ഫോറൻസിക് പരിശോധന പൂർത്തിയാവണമെങ്കിൽ 45 ഇനങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, വെറും 2 ഇനങ്ങൾ മാത്രം പരിശോധിച്ചതിന് ശേഷമുള്ള നിരീക്ഷണമാണ് ഫോറൻസിക് വിഭാഗം കോടതിയിൽ സമർപ്പിച്ചത്. ഇതിൽ നിന്നും ഒരു തീരുമാനത്തിലും ആർക്കും എത്താൻ പറ്റില്ലെന്ന് ഉറപ്പുള്ള ചില മാധ്യമ പ്രവർത്തകർ, ഇന്ന് പുലർച്ചെ ബി ജെ പി പ്രസിഡന്റുമായി ടെലിഫോൺ ഗൂഢാലോചന നടത്തുകയായിരുന്നു. തുടർന്നാണ് അവരുടെ മാധ്യമങ്ങളിൽ വാർത്തകൾ വിന്യസിച്ചത്.

കത്തിയ ഫാനുൾപ്പെടെയുള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോർട്ട് വരാനുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവാൻ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോ‍‌ർട്ട് കൂടി പുറത്തുവരണം. അതിനിടയിൽ കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിനെ ഉപയോഗിച്ചാണ് വിവാദമുണ്ടാക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ചെറിയ നിലയിൽ തീപിടുത്തമുണ്ടായത്. സെക്ഷനിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചപ്പോൾ സെക്ഷൻ ക്വാറന്റൈൻ ആക്കി അടച്ചിട്ടപ്പോഴാണ് തീപിടിച്ചത്. സെക്ഷനിലെ ചുവർഫാൻ ഓഫ് ചെയ്യാതെ പോയ ജീവനക്കാരിയുടെ അശ്രദ്ധയാണ് ഷോർട്ട് സർക്ക്യൂട്ടിന് കാരണമായത്. ഈ തീപിടുത്തത്തെ വിവാദമാക്കാൻ അന്ന് പ്രതിപക്ഷവും ബി ജെ പിയും ശ്രമിച്ചിരുന്നു. മാധ്യമങ്ങൾ നിരന്തരം നുണകളും വസ്തുസ്താവിരുദ്ധമായ കാര്യങ്ങളും പറഞ്ഞ് ആ സമയത്തും ജനങ്ങളിൽ സംശയം പടർത്താൻ ശ്രമിച്ചിരുന്നു. ഇപ്പോൾ കോടതിയിൽ സമർപ്പിച്ച അപൂർണമായ റിപ്പോർട്ടിന്റെ മറവിൽ രണ്ടാമതും വിവാദം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളുടെയും ബി ജെപിയുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്.

നേരത്തെ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം സംഭവത്തിൽ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് എത്തിയത്. ഫാനിലെ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നായിരുന്നു ഡോ കൗശിഗന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തൽ. നേരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും, ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. ഫോറൻസിക് വിഭാഗം പൂർണമായ പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിച്ചാൽ യഥാർത്ഥ വസ്തുത മനസിലാക്കാൻ സാധിക്കുമെന്നും പുകമറകൾ ഒഴിവാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

 

06-Oct-2020