സ്മിതാ മേനോനെ ദേശീയ വനിതാകമ്മീഷന്‍ അംഗമാക്കാന്‍ വി മുരളീധരന്‍ വഴിവിട്ട് ഇടപെട്ടു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോടൊപ്പം അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ വേദി പങ്കിട്ട സ്മിതാ മേനോനെ ദേശീയ വനിതാകമ്മീഷന്‍ അംഗമാക്കാന്‍ വി മുരളീധരന്‍ വഴിവിട്ട് ഇടപെട്ടു. വനിതാ വികസന വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിക്ക് സ്മിതാ മേനോന്റെ ബയോഡാറ്റയും മറ്റ് വിശദാംശങ്ങളും വി മുരളീധരന്‍ കൈമാറി.

സ്മിതയുമായുള്ള വി മുരളീധരന്റെ ബന്ധം വിവാദമായതോടെ സ്മൃതി ഇറാനിയെ ബന്ധപ്പെട്ട് ശുപാര്‍ശയടക്കമുള്ള വിശദാംശങ്ങള്‍ പിന്‍വലിക്കാന്‍ വി മുരളീധരന്റെ ഓഫീസ് ശ്രമിച്ചു. വി മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന അന്വേഷണത്തില്‍ ഈ കാര്യം കൂടി ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍.

സ്മിത മേനോന്‍ മഹിളാ മോര്‍ച്ചയുടെ ഭാരവാഹിത്വത്തിലേക്ക് വന്നതെങ്ങിനെയാണെന്നും സംഘടനാ ബന്ധത്തിലുപരി പ്രോട്ടോക്കോള്‍ പോലും ലംഘിക്കും വിധത്തില്‍ വി മുരളീധരനുമായി അവരുടെ ബന്ധം വളര്‍ന്നതെങ്ങിനെയെന്നും അന്വേഷിക്കുവാന്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരില്‍ നിന്നും പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വരുമ്പോൾ കേരളത്തിലെ ബി ജെ പിക്ക് മാത്രമല്ല ദേശീയ തലത്തിൽ തന്നെ പ്രതിച്ഛായാ നഷ്ടമുണ്ടാവുമെന്നും പരാതിയിൽ പറയുന്നുണ്ട്. 

07-Oct-2020