കുമ്മനത്തിന് പാരയുമായി വി മുരളീധരൻ

ബി ജെ പി മുൻ പ്രസിഡന്റും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ കടുത്ത നീക്കങ്ങളുമായി വി മുരളീധരൻ. സ്മിത മേനോനെ മഹിളാമോർച്ച ഭാരവാഹിയാക്കണമെന്ന മുരളീധരന്റെ ആവശ്യം തള്ളിക്കളഞ്ഞത് മുതലാണ് കുമ്മനത്തെ ശത്രുപട്ടികയിൽ നിർത്തി വി മുരളീധരനും കൂട്ടരും വേട്ടയാടുന്നത്. ആർ എസ് എസ് - ബി ജെ പി ദേശീയ നേതൃത്വത്തിൽ മുരളീധരനുള്ള സ്വാധീനം ഉപയോഗിച്ച് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് ആയി ആർ എസ് എസ് നേതൃത്വം ആദ്യ ഘട്ടത്തിൽ പരിഗണിച്ച കുമ്മനം രാജശേഖരനെ വെട്ടിമാറ്റുക ആയിരുന്നു.

കേരളത്തിൽ തന്നെക്കാൾ വലിയ നേതാവ് വേണ്ടെന്ന വി മുരളീധരന്റെ കടുംപിടുത്തം നടപ്പിലാക്കാൻ ആർ എസ് എസ് നിയോഗിച്ച ഓർഗനൈസിങ് സെക്രട്ടറി ബി എൽ സന്തോഷും ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രനും കൂടെ ഉണ്ട്. ഇവർ മൂന്നുപേരടങ്ങിയ അച്ചുതണ്ടാണ് കേരളത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നാണ് കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നത്. കുമ്മനം രാജശേഖരന് ബി ജെ പിയിൽ നിയന്ത്രണം ഉണ്ടായിരുന്ന കാലത്ത് വി മുരളീധരന്റെ സ്വജനപക്ഷവാദം അനുവദിച്ച് കൊടുത്തിരുന്നില്ല.

ബി ജെ പി അധ്യക്ഷനായിരിക്കുമ്പോൾ മഹിളാമോർച്ചയിലെ ഭാരവാഹിത്വത്തിനായി കുമ്മനത്തിന്റെ അടുക്കൽ സ്മിതാ മേനോന്റെ ബയോഡാറ്റ വി മുരളീധരൻ നൽകിയിരുന്നു. അന്ന് മഹിളാമോർച്ചയിലെ സജീവ പ്രവർത്തകരെ മാത്രമേ നേതൃത്വത്തിലേക്ക് പരിഗണിക്കാൻ പറ്റുകയുള്ളൂ എന്നാണ് കുമ്മനം മറുപടി നൽകിയത്. അന്നുമുതലേ കുമ്മനത്തിനോടുള്ള വിരോധം സ്മിതയ്ക്കും മുരളീധരനും ഉണ്ട്.

ആർ എസ് എസ് പ്രചാരകൻ ആണെങ്കിലും ഇപ്പോൾ സംഘത്തിലും കുമ്മനത്തിന് ചുമതലകൾ ഇല്ല. സ്വന്തമായി വീടില്ലാത്ത കുമ്മനം രാജശേഖരൻ ആർ എസ് എസിന്റെ കാര്യാലയങ്ങളിൽ അഭയാർഥിയെ പോലെ താമസിക്കുകയാണ്. കുമ്മനത്തെ ഒഴിവാക്കാൻ വേണ്ടി സരിത എസ് നായരെ ബലാൽസംഗം ചെയ്ത കേസിൽ ഉൾപ്പെട്ട എ പി അബ്ദുള്ള കുട്ടിയെ ഉയർത്തിക്കാണിച്ച വി മുരളീധരനെതിരെ ബി ജെ പിയിലും ആർ എസ് എസിലും ശക്തമായ വികാരം ഉയരുന്നുണ്ട്.

07-Oct-2020