കേരളത്തിന്റെ ബദലായി കർഷക ക്ഷേമനിധി ബോർഡ്
അഡ്മിൻ
രാജ്യത്തിന് മാതൃകയായി കേരള കർഷക ക്ഷേമനിധി ബോർഡ്. കേന്ദ്ര സർക്കാർ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനിടെയാണ് കേരളം അതുല്യമായ ബദൽ മാതൃക സൃഷ്ടിച്ചത്. 18നും 55 നും ഇടയിൽ പ്രായമുള്ള മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. 100 രൂപ രജിസ്ട്രേഷൻ ഫീസടച്ച് അപേക്ഷ നൽകണം. അപേക്ഷകൾ ഓൺലൈനായും നൽകാം.
അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ള വ്യക്തിക്ക് അപേക്ഷിക്കാം. ഉദ്യാനകൃഷി, ഔഷധ സസ്യകൃഷി, നേഴ്സറി നടത്തിപ്പ്, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവയുടെ പരിപാലനം കാർഷിക ആവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗവും കൃഷിയുടെ നിർവചനത്തിൽ ഉൾപ്പെടും.
ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ് മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. മിനിമം 100 രൂപയാണ് മാസംതോറും അംശാദായമായി അടയ്ക്കേണ്ടത്. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക് അടയ്ക്കും. ഓരോ വ്യാപാരിയും തന്റെ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാർഷിക ഇൻസെന്റീവായി നിധിയിലേക്ക് അടയ്‌ക്കണം.
ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിനും ആനുകൂല്യം നൽകും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ ആനുകൂല്യം നൽകും. ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലകളിലെ പഠനത്തിന് വിദ്യാഭ്യാസ ധനസഹായവും നൽകും.
ചെയർമാൻ ഡോ. പി രാജേന്ദ്രൻ, അംഗങ്ങൾ: 14 ഡയറക്ടർമാർ, കാർഷികോൽപ്പാദന കമീഷണർ, കൃഷിവകുപ്പ് സെക്രട്ടറി, കൃഷിവകുപ്പ് ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ, ധനവകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, വിഎഫ്‌പിസികെ സിഇഒ ഡോ. പി ഇന്ദിരാദേവി. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകപ്പ് ഡയറക്ടറാണ് ബോർഡിന്റെ മെമ്പർ സെക്രട്ടറി.
കർഷകൻ എന്നു പറഞ്ഞാൽ ഉടമസ്ഥനായോ അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാൽ പാട്ടക്കാരനായോ സർക്കാർ ഭൂമി പാട്ടക്കാരനായോ അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശം ഉള്ളവരാണ്. അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ്സ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കും. കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധിയിൽനിന്നും പെൻഷൻ ലഭിക്കും. കുറഞ്ഞത് അഞ്ചുവർഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബ പെൻഷൻ ലഭിക്കുക.
പെൻഷൻ തീയതിക്കുമുമ്പ് അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്തവർക്ക് 60 വയസ്സുവരെ പ്രതിമാസം പെൻഷൻ നൽകും. രോഗംമൂലമോ അപകടംമൂലമോ ശാരീരിക അവശതയുണ്ടാകുന്നവർക്ക് അവശതാ ആനുകൂല്യം നൽകും.ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽ അംഗങ്ങൾ ചേരുന്നവർക്ക് ചികിത്സാസഹായം നൽകും. ബോർഡ് നിശ്ചയിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ അത്തരം അംഗങ്ങൾക്ക് പ്രത്യേക സഹായധനം നൽകും.
കാർഷിക വികസനത്തിനൊപ്പം കർഷകന്റെ കുടുംബഭദ്രതയും ഉറപ്പാക്കാനാണ് കർഷക ക്ഷേമനിധി ബോർഡിന് രൂപം നൽകിയതെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്‌ദാനമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. നേരത്തേ നെൽകർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തിയതും പ്രകടനപത്രികയിലെ മറ്റൊരു വാഗ്‌ദാനമായിരുന്നു.
കർഷകരുടെയും ജനപ്രതിനിധികളുടെയുമെല്ലാം അഭിപ്രായങ്ങൾ കേട്ട് വിശദമായ ചർച്ചകൾക്കുശേഷമാണ് ബോർഡിന് രൂപം നൽകിയത്. കേരളത്തിലെ കർഷകരുടെ വികസന നാൾവഴിയിൽ വലിയ ചുവടുവയ്‌പാണ് ക്ഷേമനിധി ബോർഡ്. അഡ്വ. സി എച്ച് കുഞ്ഞമ്പു, അഡ്വ. എസ് കെ പ്രീജ, അജിത സാബു, ഡി രവി, എ ഒ ഗോപാലൻ, ബി എ അഷറഫ്, അഡ്വ. ജോയിക്കുട്ടി ജോസ്, മാത്യുവർഗ്ഗീസ്, കെ വി വസന്തകുമാർ, ലാൽ വർഗീസ് കൽപകവാടി, കെ ജി ഹരികുമാർ, ജോസ് കുറ്റ്യാനിമറ്റം, അബ്ദുൾ അസീസ് കെ എ, ജോസ് ചെമ്പേരി (ജനറൽ വിഭാഗം) എന്നിവരാണ് കർഷക ക്ഷേമനിധി ബോർഡ് അംഗങ്ങൾ.
08-Oct-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ