ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

ടിആര്‍പി റേറ്റിംഗില്‍ തട്ടിപ്പ് കാണിച്ച റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം. ടെലിവിഷന്‍ പോയിന്റ് റേറ്റിംഗില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസാണ് വ്യക്തമക്കിയത്‌

ഈ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് മുംബൈ പൊലീസ് മേധാവി പരംബീര്‍ സിങ് പറഞ്ഞു. പരസ്യത്തില്‍ നിന്നല്ലാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പണം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് രണ്ട് ചാനലുകള്‍ ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ മറാത്തി ചാനലുകളാണ്. ഈ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ടി.വി. ജീവനക്കാരെ ഇന്നോ നാളെയോ വിളിച്ചുവരുത്തുമെന്ന്
പരംബീര്‍ സിങ് പറഞ്ഞു.

അതേസമയം റിപ്പബ്ലിക് ടി.വി. പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. മുംബൈ പൊലീസ് കമ്മീഷണര്‍ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടിവിയ്ക്കെതിരെ പരംബീര്‍ സിങ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി പറഞ്ഞു

08-Oct-2020