കള്ളപ്പണവേട്ട ; ജനപ്രതിനിധിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് രക്ഷപ്പെട്ടു

ഭൂമിവില്‍പ്പനയുടെ മറവില്‍ കൈമാറാന്‍ ശ്രമിച്ച 80 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടി. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആദായനികുതി  ഉദ്യോഗസ്ഥരെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.

ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 80 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്. ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു.

പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. പണം കൈമാറുന്ന സമയത്തുണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് നഗരത്തിലെ പല റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായാണ് വിവരം.

09-Oct-2020